
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണത്തിൽ ട്രാൻസ്‌ജെൻഡർ യുവതിക്ക് പിന്തുണയുമായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ്. രാഹുലിനെതിരെ ഗുരുതര ആരോപണമുന്നയിച്ച അവന്തികക്ക് പൂർണ്ണ പിന്തുണ നൽകുന്നതായി ട്രാൻസ്‌ജെൻഡർ കോൺഗ്രസ് രക്ഷാധികാരി അരുണിമ എം കുറുപ്പ് പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ന്യായീകരിക്കില്ല. പാർട്ടി നിലപാടും അതാണ്. രാഹുൽ തെറ്റുകാരൻ എന്ന് തെളിഞ്ഞിട്ടില്ല. പരാതികളിൽ വാസ്തവമുണ്ടെങ്കിൽ പരാതി ഉന്നയിച്ചവരെ പിന്തുണയ്ക്കും. രാഹുൽ കുറ്റക്കാരനാണെങ്കിൽ പാർട്ടി ഒരിക്കലും രാഹുലിനെ പിന്തുണക്കില്ല, അവന്തികയ്ക്ക് പൂർണ്ണപിന്തുണയുണ്ടാകുമെന്നും അരുണിമ എം കുറുപ്പ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണമാണ് ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക ഉന്നയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് പറഞ്ഞതായും അവന്തിക വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദിലും ബെംഗളൂരുവിലും പോകണമെന്ന് പറഞ്ഞു. ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് അയാള്‍ തനിക്ക് അയച്ചതെന്നുമായിരുന്നു അവന്തികയുടെ വെളിപ്പെടുത്തല്‍.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ കാലത്ത് ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു രാഹുലുമായി പരിചയപ്പെടുന്നത്. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. ശേഷം നല്ല സുഹൃത്തുക്കളായിരുന്നു. തുടക്കത്തില്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷമായിരുന്നു വിളിച്ചിരുന്നത്. പിന്നീട് രാത്രിയെന്നോ, പകലെന്നോ ഇല്ലാതെ ഇടവേളകളില്ലാതെ വിളിച്ചു തുടങ്ങി. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നില്ല അയാള്‍ വിളിച്ചിരുന്നത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങളാണ് അയച്ചിരുന്നത്. കോണ്‍ഗ്രസിലെ ചില നേതാക്കളോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും അവന്തിക പറഞ്ഞിരുന്നു.
യുവ നേതാവിനെതിരെ മുന്‍ മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഹൂ കെയേഴ്സ് എന്ന ആറ്റിറ്റ്യൂഡുള്ള നേതാവാണ് മോശമായി പറഞ്ഞതെന്നായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തുവന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മറ്റൊരു യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.
Content Highlights: Transgender Congress supports transgender woman in allegations against Rahul Mamkootathil