'പൊതുപ്രവര്‍ത്തകർ മാതൃകയാവേണ്ടവർ, കളങ്കരഹിതരാകണം': രാഹുലിനെ തള്ളി ടി എൻ പ്രതാപൻ

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തിലും ടി എന്‍ പ്രതാപന്‍ വിമര്‍ശനം ഉയര്‍ത്തി

dot image

തൃശ്ശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ഗൗരവമുള്ള ആരോപണമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നതെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ട്. ഏത് പ്രസ്ഥാനങ്ങളിലുള്ളവരായാലും പൊതുപ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവരാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരാകണം. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണത്തിലും ടി എന്‍ പ്രതാപന്‍ വിമര്‍ശനം ഉയര്‍ത്തി. സുരേഷ് ഗോപിയുടെ വോട്ട് ചേര്‍ക്കല്‍ രേഖകള്‍ ലഭ്യമാക്കാതിരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നുവെന്ന് പ്രതാപന്‍ ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ അറുപതിനായിരത്തിലധികം വ്യാജ വോട്ട് ചേര്‍ത്തു. ഈ വിവരങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ വിവരാവകാശം നല്‍കി. എന്നാല്‍ കളക്ടര്‍ ഇന്നലെ അപേക്ഷ തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൗതിക സ്വത്താണെന്ന് പറഞ്ഞാണ് തള്ളിയതെന്നും പ്രതാപന്‍ പറയുന്നു.

സുരേഷ് ഗോപി ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ട് മാറ്റി ചേര്‍ത്തെന്ന് ആരോപിച്ച് നേരത്തെ ടി എന്‍ പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ടി എന്‍ പ്രതാപന്‍ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉള്‍പ്പെടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെയാണ് തൃശൂര്‍ നിയമസഭാ മണ്ഡത്തിലെ 115 ആം നമ്പര്‍ ബൂത്തില്‍ വോട്ട് ചേര്‍ത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തില്‍ വോട്ട് ചേര്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടി എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി.

Content Highlights: T N Prathapan Against Rahul Mamkootathil In allegations

dot image
To advertise here,contact us
dot image