
ബഹ്‌റൈനില്‍ ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ - സ്വകാര്യ മേഖലയില്‍ സ്ഥിരമായ തൊഴില്‍ സഹായം നല്‍കാനുള്ള നിര്‍ദേശവുമായി തൊഴില്‍ മന്ത്രാലയം. ഭിന്നശേഷിക്കാരെ കമ്പനി നിയമിച്ചാല്‍ ആദ്യ രണ്ട് വര്‍ഷം ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും സര്‍ക്കാര്‍ നല്‍ക്കുന്നതാണ് പദ്ധതി. ഇത് സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പ്രത്യേക സമിതിയുടെ പരിഗണനയിലാണ്.
ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവര്‍ക്കൊപ്പം അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിക്ക് തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയിരിക്കുന്നത്. ഭിന്നശേഷിക്കാരെ ജോലിക്ക് എടുക്കാന്‍ ചില തൊഴിലുടമകള്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം ജീവനക്കാരുടെ രണ്ട് വര്‍ഷത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നതിനുളള നിര്‍ദേശം മന്ത്രാലയം മുന്നോട്ടുവെച്ചിരിക്കുന്നത്.
ജീവനക്കാര്‍ ജോലി മാറിയാലും ശമ്പളത്തിന്റെ 75 ശതമാനം സര്‍ക്കാര്‍ നല്‍കും. ഇത് സംബന്ധിച്ച നിര്‍ദേശം തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും അവരുടെ കഴിവുകള്‍ വിവിധ മേഖലയില്‍ വിനിയോഗിക്കാനും പുതിയ നിര്‍ദേശത്തിലൂടെ കഴിയുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിക്കും. ഇത്തരക്കാരെ രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കണമെന്ന സന്ദേശം തൊഴിലുടമള്‍ക്ക് നല്‍കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം പാര്‍ലമെന്റിന്റെ പ്രത്യേക സമിതി വിശദമായി പരിശോധിക്കുകയാണ്. സമിതിയുടെ തീരുമാനത്തിന് അനുസൃമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.
Content Highlights: Proposal calls for permanent job support scheme for workers with disabilities