
കോഴിക്കോട്: നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തില്ലെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ പരിപാടി താൻ ഏറ്റിരുന്നില്ല. പരിപാടിയിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചത്. രമ്യ ഹരിദാസ് ആണ് പരിപാടി ഏറ്റിരുന്നത്. നിമിഷ പ്രിയയുടെ കേസുമായി ബന്ധപ്പെട്ട് ദുബായിൽ പോയ ശേഷം ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് താന്‍ എത്തിയത്. സ്വാഭാവികമായും എനിക്കും ക്ഷീണം ഉണ്ടാകും. ഞാനൊരു മനുഷ്യനല്ലേയെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് ചോദിച്ചു. എല്ലാത്തിലും വിവാദം കാണേണ്ടതില്ല. എല്ലാം വ്യാഖ്യാനങ്ങൾ മാത്രമാണ്. ഡിസിസി അധ്യക്ഷന്റെ പരാതി പാർട്ടിയിൽ തീർത്തു കൊള്ളാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ടി സിദ്ധിഖ്- ഷാഫി പറമ്പില്‍ ഗ്രൂപ്പ് തര്‍ക്കത്തെത്തുടര്‍ന്നാണ് ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതെന്ന സൂചനകളാണ് പുറത്തുവന്നത്.
ചാണ്ടി ഉമ്മന്‍ പങ്കെടുക്കുന്നത് ടി സിദ്ധിഖ് മുടക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. പരിപാടിയില്‍ പങ്കെടുക്കാന്‍ ചാണ്ടി ഉമ്മനോട് ഡിസിസി ആവശ്യപ്പെട്ടിരുന്നതായി ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ റിപ്പോര്‍ട്ടറിനോട് സ്ഥിരീകരിച്ചിരുന്നു. ചാണ്ടി ഉമ്മന്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മന്‍ ജില്ലയില്‍ ഉണ്ട്. ചാണ്ടി ഉമ്മനോട് പങ്കെടുക്കാന്‍ ഡിസിസി ആവശ്യപ്പെട്ടിരുന്നു. പങ്കെടുക്കാതിരുന്നത് ബോധപൂര്‍വ്വം ആണെങ്കില്‍ തെറ്റാണ്. ഗ്രൂപ്പ് വഴക്കൊന്നുമില്ലെന്നുമാണ് പ്രവീണ്‍ കുമാര്‍ പറഞ്ഞത്.
Content Highlights: Chandy Oommen reaction on Youth Congress Kozhikode programme he not attend