നേട്ടം കൊയ്ത് ഓഹരിവിപണി; രൂപയുടെ മൂല്യവും ഉയര്‍ന്നു

നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിലാണ്

dot image

ഓഹരിവിപണിയില്‍ ഇന്നും മുന്നേറ്റം. ഓട്ടോ, ഐടി, ടെലികോം ഓഹരികളാണ് പ്രധാനമായി മുന്നേറ്റം ഉണ്ടാക്കുന്നത്. പുതിയ വാഹനങ്ങളുടെ ജിഎസ്ടി കേന്ദ്രസര്‍ക്കാര്‍ കുറച്ചേയ്ക്കുമെന്ന റിപ്പോര്‍ട്ടാണ് ഓട്ടോ ഓഹരികളെ സഹായിച്ചിരിക്കുന്നത്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് മുന്നേറി. നിലവില്‍ 81,500ന് മുകളിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ്.

ഒല ഇലക്ട്രിക്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹ്യുണ്ടായി മോട്ടോര്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. റിലയന്‍സ് ഓഹരിയിലും മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പ്രീപെയ്ഡ് താരിഫില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് ഏകദേശം രണ്ടുശതമാനം മുന്നേറ്റമാണ് റിലയന്‍സ് ഓഹരി കാഴ്ചവെച്ചത്. എന്‍ട്രി ലെവല്‍ പ്ലാനുകളായ 209, 249 എന്നിവ ജിയോ പിന്‍വലിച്ച നടപടിയാണ് റിലയന്‍സ് ഓഹരിയുടെ മുന്നേറ്റത്തിന് വഴിതെളിയിച്ചത്. ഇതോടെ എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് സമാനമായി ജിയോയുടെ ബേസ് പ്ലാനും മാറിയിരിക്കുകയാണ്.

അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 87.20 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റമാണ് പ്രധാനമായി രൂപയെ സഹായിച്ചത്. തിങ്കളാഴ്ചയും രൂപ 20 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്.

Content Highlights: Stock market gains; Rupee also rises

dot image
To advertise here,contact us
dot image