നിയമസഭ ലക്ഷ്യമിട്ട് എംപിമാർ; കണ്ണൂരിൽ മത്സരിക്കാൻ സുധാകരൻ; ഷാഫിക്കും കൊടിക്കുന്നിലിനും തരൂരിനും താൽപര്യം

സുധാകരന്‍ അഴീക്കോട് മത്സരിക്കട്ടെയെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്

dot image

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് എംപിമാര്‍ കളത്തിലിറങ്ങുന്നു. മണ്ഡലങ്ങളില്‍ എംപിമാര്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂരില്‍ നിന്നും ജനവിധി തേടാന്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. പാലക്കാട് മത്സരിക്കാന്‍ ഷാഫി പറമ്പില്‍, ആറന്മുളയില്‍ ആന്റോ ആന്റണി, അടൂരില്‍ കൊടിക്കുന്നില്‍ സുരേഷ്, കോന്നിയില്‍ അടൂര്‍ പ്രകാശ്, തിരുവനന്തപുരത്ത് നിന്നും മത്സരിക്കാന്‍ ശശി തരൂര്‍ എംപിയും താല്‍പര്യമുണ്ടെന്നാണ് വിവരം. എംപിമാര്‍ മത്സരസന്നദ്ധത എഐസിസിയെ അറിയിച്ചതായാണ് സൂചന. ഭൂരിപക്ഷം നേതാക്കളും മത്സരിക്കാന്‍ താല്‍പര്യപ്പെടുന്നതിനൊപ്പം തന്നെ ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലില്‍ കൂടി ചില മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. ,

കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞഘട്ടത്തില്‍ തന്നെ നിയമസഭയിലേക്ക് മത്സരിക്കാന്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിനെ സന്നദ്ധത അറിയിച്ചിരുന്നു. സുധാകരന്‍ അഴീക്കോട് മത്സരിക്കട്ടെയെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിലായിരുന്നു ഷാഫി പറമ്പില്‍ പാലക്കാട് വിട്ട് വടകരയിലേക്കെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ ഷാഫി നേതൃത്വത്തെ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തോട് തമാശരൂപേണയായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. മത്സരിക്കാന്‍ ഷാഫിക്ക് താല്‍പ്പര്യമുണ്ടെങ്കിലും പുയ്യാപ്ലയെ വടകരക്കാര്‍ വിടില്ലെന്നായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. അധ്യക്ഷന്‍ തമാശ പറഞ്ഞതാണെങ്കിലും കൃത്യമായ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചെന്നായിരുന്നു ഷാഫിയുടെ മറുപടി. വടകരയില്‍ നിന്നും കൂടുതല്‍ എംഎല്‍എമാരെ നിയമസഭയിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കുമെന്നും ഷാഫി പറഞ്ഞിരുന്നു. പാലക്കാട് ഷാഫി മത്സരിക്കുകയാണെങ്കില്‍ സിറ്റിംഗ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് സുരക്ഷിതമണ്ഡലം പാര്‍ട്ടി കണ്ടെത്തേണ്ടി വരും.

ആറന്മുളയില്‍ ആന്റോ ആന്റണി എംപിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് സൂചന. കെപിസിസി അധ്യക്ഷ പദവിയിലേക്ക് ആന്റോ ആന്റണിയുടെ പേര് അവസാനഘട്ടം വരെ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒടുക്കം സണ്ണി ജോസഫിനെ തീരുമാനിക്കുകയായിരുന്നു. അന്ന് ആന്റോ ആന്റണിക്ക് വേണ്ട പരിഗണന നല്‍കുമെന്ന് എഐസിസി പറഞ്ഞിരുന്നു. ഈ ആനുകൂല്യം ആന്റോ ആന്റണി നിയമസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചാ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തിയേക്കും.

കോന്നിയില്‍ അടൂര്‍ പ്രകാശ് മത്സരിച്ചാല്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കളും പ്രവര്‍ത്തകരും. ഏറെകാലമായി രാജ്യതലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കൊടിക്കുന്നിലിന് കേരളത്തില്‍ സജീവമാകാന്‍ താല്‍പ്പര്യമുണ്ട്. ഈ സാഹചര്യത്തിലാണ് അടൂര്‍ കേന്ദ്രീകരിച്ച് കൊടിക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മത്സരിക്കാന്‍ ശശി തരൂരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Content Highlights: Congress MPs K sudhakaran, shafi parambil Preparing To Contest in assembly election

dot image
To advertise here,contact us
dot image