'തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരി'; സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനത്തിൽ മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളം രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റ സംഭാവന അവിസ്മരണീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

dot image

തിരുവനന്തപുരം: സഖാവ് പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ അനശ്വര സ്മരണ നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളം രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റ സംഭാവന അവിസ്മരണീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഇന്ന് സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണ്. കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർടി, കമ്മ്യൂണിസ്റ്റ്‌ പാർടി എന്നിവയുടെ രൂപീകരണങ്ങൾക്കും ചരിത്രപരമായ നേതൃത്വം കൊടുക്കുകയുണ്ടായി.
കേരള നവോത്ഥാനചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നായ 1931-ലെ ഗുരുവായൂർ സത്യാഗ്രഹത്തിൽ അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു. ജാതി വിലക്കുകളെ അതിലംഘിച്ചുകൊണ്ട് ഗുരുവായൂർ ക്ഷേത്രത്തിലെ മണി അടിച്ചതിനെത്തുടർന്ന് കൊടിയമർദനമാണ് അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നത്. നവോത്ഥാനമുന്നേറ്റങ്ങളിൽ ഇടപെടുന്നതിലും അതിന്റെ വർഗപരമായ തുടർച്ച ഉറപ്പുവരുത്തുന്നതിലും സഖാവ് ബദ്ധശ്രദ്ധ പുലർത്തി.

1937-ൽ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാർടി സെല്ലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച കൃഷ്ണപിള്ള 1939-ൽ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തിൽ കമ്യൂണിസ്റ്റ്‌ പാർടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഐതിഹാസികമായ പുന്നപ്ര വയലാർ സമരത്തിന് മുന്നോടിയായി നടന്ന 1946 സെപ്തംബർ 15-ന്റെ പണിമുടക്കും ആക്ഷൻ കൗൺസിൽ രൂപീകരണവും ഒളിവു കാലത്ത് പാർടി സെക്രട്ടറി എന്ന നിലയിൽ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു.

കൽക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടതിനെ തുടർന്നുള്ള ഒളിവുജീവിതത്തിനിടെയാണ് ആലപ്പുഴയിൽ 1948 ആഗസ്‌റ്റ്‌ 19-ന്‌ സഖാവ് കൃഷ്ണപിള്ള സർപ്പദംശമേറ്റ്‌ മരണമടയുന്നത്. കമ്മ്യൂണിസ്റ്റ് പാർടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളം രൂപപ്പെടുത്തുന്നതിലും സഖാവിന്റെ സംഭാവന അവിസ്മരണീയമാണ്. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ അനശ്വര സ്മരണ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റത്തിനു കരുത്തുപകരും.

Content Highlights: Chief Minister Pinarayi Vijayan remembers Comrade P Krishna Pillai

dot image
To advertise here,contact us
dot image