
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 73,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
ഈ മാസം എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീട് വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പത്തുദിവസത്തിനിടെ 1900 രൂപയാണ് കുറഞ്ഞത്. വിവാഹ സീസണ്‍ ആരംഭിച്ചതോടെ കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്.
ജനുവരി 22നാണ് സ്വര്‍ണവില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് ഫെബ്രുവരി 11ന് പവന്‍ വില 64,000 കടന്നിരുന്നു. മാര്‍ച്ച് 14ന് 65,000 കടന്ന വില ഏപ്രില്‍ 12നാണ് ആദ്യമായി 70,000 കടന്നത്. തുടര്‍ന്ന് ഏപ്രില്‍ 17ന് പവന്‍ വില 71,000ഉം ഏപ്രില്‍ 22ന് വില 74,000ഉം കടന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത് വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങിയതിന്റെ സൂചന കൂടിയാണ് സ്വര്‍ണവിലയിലെ ഇടിവ്. എന്നാല്‍ യുഎസിലെ സ്വര്‍ണം ഇറക്കുമതിക്ക് തീരുവ ഈടാക്കാനുള്ള ട്രംപിന്റെ നടപടി സ്വര്‍ണവില കത്തിക്കയറാന്‍ ഇടയാക്കുമെന്ന സൂചനയും നല്‍കുന്നുണ്ട്.
Content Highlights: Gold Price Today