സൽമാൻ ഖാന് രാവിലെ ഷൂട്ട് പറ്റില്ല, സി ജിയ്ക്കും പരിധിയുണ്ടല്ലോ;ഫ്‌ളോപ്പ് ചിത്രത്തെ കുറിച്ച് എ ആർ മുരുഗദോസ്

"എല്ലാം സി ജിയിലും, ഗ്രീന്‍മാറ്റിലും എടുത്താല്‍ ശരിയാകില്ലല്ലോ. പിന്നെ, വരുന്നതും ലേറ്റ്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ കുറച്ചധികം കഷ്ടപ്പെട്ടു"

dot image

സല്‍മാന്‍ ഖാനെ നായകനാക്കി തമിഴ് സംവിധായകനായ എ ആര്‍ മുരുഗദോസ് ഹിന്ദിയിലൊരുക്കിയ ചിത്രമായിരുന്നു സിക്കന്ദര്‍. വലിയ ഹൈപ്പോടെ എത്തിയ ചിത്രം പക്ഷെ തിയേറ്ററില്‍ പരാജയമായിരുന്നു. മോശം പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചതും. തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനും ബോളിവുഡ് സൂപ്പര്‍സ്റ്റാറും ഒന്നിക്കുമ്പോള്‍ വമ്പന്‍ എന്റര്‍ടെയ്‌നര്‍ തന്നെയാകും ലഭിക്കുക എന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ.എന്നാല്‍ വിപരീതമായിരുന്നു സംഭവിച്ചത്. തുടര്‍ന്ന് വലിയ വിമര്‍ശനവും എ ആര്‍ മുരുഗദോസിനെതിരെ ഉയര്‍ന്നു.

സിനിമയുടെ പരാജയത്തെ കുറിച്ച് മുരുഗദോസ് അടുത്തിടെ മനസ് തുറന്നിരുന്നു. ചിത്രത്തിന്റെ വണ്‍ലൈന്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത് മികച്ച രീതിയില്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ കഴിയാത്തതിന് താന്‍ മാത്രമല്ല ഉത്തരാവാദിയെന്നും എ ആര്‍ മുരുഗദോസ് പറഞ്ഞിരുന്നു. ഇപ്പോള്‍ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് തനിക്ക് നേരിട്ട ചില പ്രതിസന്ധികളെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകന്‍.

സല്‍മാന്‍ ഖാന് സുരക്ഷാഭീഷണി ഉണ്ടായിരുന്നതിനാല്‍ ഷൂട്ടില്‍ ഏറെ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെന്ന് മുരുഗദോസ് പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മുരുഗദോസ് ഇതേ കുറിച്ച് സംസാരിച്ചത്. 'സ്‌പോട്ട് ചേഞ്ചസ് എന്ന പറയുന്ന കാര്യമുണ്ടല്ലോ. അത് ഒരുപാട് നടക്കും. അതേ കുറിച്ച് എനിക്ക് കൂടുതല്‍ പറയാനാകില്ല. അത് പലരെയും വേദനിപ്പിക്കും. അങ്ങനെ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. ഷൂട്ടിലും ചില നിയന്ത്രണങ്ങളുണ്ടായിരുന്നു.

ആ സമയത്ത് സല്‍മാന്‍ ഖാന് സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് അദ്ദേഹം വരുക. രാത്രിയിലായിരുന്നു ഷൂട്ട്. രാത്രി 9 മണിക്ക് രാവിലത്തേത് പോലെ ലൈറ്റ് സെറ്റ് ചെയ്ത് ഷൂട്ട് ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടാണ്. പുറത്തുള്ള സ്ഥലങ്ങളിലും ഷൂട്ട് ചെയ്യാന്‍ പറ്റില്ലായിരുന്നു. എല്ലാം സി ജിയിലും, ഗ്രീന്‍മാറ്റിലും എടുത്താല്‍ ശരിയാകില്ലല്ലോ. പിന്നെ, വരുന്നതും ലേറ്റ്. ഇതില്‍ കൂടുതലൊന്നും പറയാനില്ല. ഞാന്‍ കുറച്ചധികം കഷ്ടപ്പെട്ടു,' എ ആര്‍ മുരുഗദോസ് പറയുന്നു.

അഭിമുഖത്തിലെ ഈ ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ഷൂട്ടില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ടെങ്കില്‍ പോലും സ്‌ക്രിപ്റ്റിലെ അപാകതകളോട് കണ്ണടയ്ക്കാനാകില്ലെന്നും മുരുഗദോസ് എഴുത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സിക്കന്ദര്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 141.15 കോടി നേടിയെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സല്‍മാനോടൊപ്പം രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബര്‍, കാജല്‍ അഗര്‍വാള്‍ എന്നിവരടങ്ങിയ താരനിര സിക്കന്ദറില്‍ അണിനിരന്നിരുന്നു. സാജിദ് നദിയാദ്വാലയുടെ സാജിദ് നദിയാദ്വാല ഗ്രാന്റ് സണ്‍സാണ് ചിത്രം നിര്‍മ്മിച്ചത്.

Content Highlights: A R Murugadoss about difficulties he faced during Salman Khan starrer Sikandar shoot

dot image
To advertise here,contact us
dot image