താൻ വ്യക്തത വരുത്തേണ്ട ഒന്നും കത്തിൽ ഇല്ല, മറുപടി പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്: എം ബി രാജേഷ്

തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പലതും പുറത്ത് വരുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ്റെ ഭാര്യക്ക് നേരെയായിരുന്നു വിവാദമെന്നും ആ വിവാദം ഇപ്പോൾ എവിടെ പോയിയെന്നും എം ബി രാജേഷ് ചോദിച്ചു

dot image

കൊച്ചി: കത്തുവിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സെക്രട്ടറി മറുപടി പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി എം ബി രാജേഷ്. ഇങ്ങനെയൊരു കത്ത് കഴിഞ്ഞ നാലുകൊല്ലമായി വാട്സാപ്പിൽ കറങ്ങുന്ന കത്താണെന്നും എം ബി രാജേഷ് പറഞ്ഞു. ഇത്തരം തോന്നിവാസങ്ങൾ വാർത്തയായി ആഘോഷിക്കുന്നത് പരിതാപകരമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് ആയത് കൊണ്ട് പലതും പുറത്ത് വരുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്റെ ഭാര്യക്ക് നേരെയായിരുന്നു വിവാദമെന്നും ആ വിവാദം ഇപ്പോൾ എവിടെ പോയെന്നും എം ബി രാജേഷ് ചോദിച്ചു. ആഘോഷം നടക്കട്ടെയെന്നും മാധ്യമങ്ങൾ എത്രകാലം ഇത്തരം ആളുകളെ ആശ്രയിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം ചോദിച്ചു. വാളയാർ കേസിൽ സത്യം പുറത്തു വന്നപ്പോൾ മാധ്യമങ്ങൾ വാർത്തയാക്കിയില്ലയെന്നും താൻ ഇവിടെ തന്നെ ഉണ്ടാകുമെന്നും എവിടെയും പോകില്ലയെന്നും മന്ത്രി പറഞ്ഞു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാൻ എം ബി രാജേഷ് തയ്യാറായില്ല. ആ ചോദ്യത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലയെന്നും തല്‍ക്കാലം ഒരു വാര്‍ത്തയ്ക്ക് തലക്കെട്ട് ഉണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ലയെന്നും എം ബി രാജേഷ് പറഞ്ഞു. താൻ വ്യക്തത വരുത്തേണ്ട ഒന്നും കത്തിൽ ഇല്ല ആർക്കും എന്തും ആരോപിക്കാമെന്നും മന്ത്രി പറഞ്ഞു. ആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എല്ലാം വാർത്തയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിയും സിപിഐഎമ്മിന്‍റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് ചോർന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം പഞ്ചായത്ത് രാജ് ചട്ടഭേദഗതി നിലവിൽ വന്നുവെന്നും ഭേദഗതിയല്ല പുതിയ ചട്ടങ്ങൾ തന്നെയാണ് വിജ്ഞാപനം ചെയ്തതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.കേരളത്തിൽ സംരംഭക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്ന ചരിത്രപരമായ ചുവട് വെയ്പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.നഗരസഭകളിലും പുതിയ ചട്ടങ്ങൾരൂപീകരിച്ച് വിജ്ഞാപനം ചെയ്യും. നവ കേരള യാത്ര, നിക്ഷേപക സംഗമം എന്നിവയിൽ വന്ന നിർദേശങ്ങൾ പരിഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിപുലമായ പരിശോധനയും, പഠനവും, ചർച്ചയും നടത്തിയാണ് മാറ്റം നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സേവനങ്ങൾ ഓൺലൈനായി, കെ സ്മാർട്ട് സേവനങ്ങൾ വിരൽ തുമ്പിലായെന്നും ഒറ്റ ക്ലിക്കിൽ സംരഭങ്ങൾ തുടങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി.

കെട്ടിട നിർമ്മാണ ചട്ടങ്ങളും ലഘൂകരിക്കും ലൈസൻസ് ചട്ടങ്ങളും പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.148 ചട്ടങ്ങളിലും വൈകാതെ ഭേതഗതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര മുച്ചക്ര വാഹനങ്ങളിലെ സംരംഭങ്ങളെ ലൈസൻസിൽ നിന്ന് ഒഴിവാക്കും. മറ്റ് സംരംഭങ്ങൾക്കെല്ലാം ലൈസൻസ് വ്യവസ്ഥ നടത്തും.മാലിന്യരഹിത കാറ്റഗറി വൺ സംരംഭങ്ങൾക്ക് രജിസ്ട്രേഷൻ മതിയാകുമെന്നും. റെഡ്, ഓറഞ്ച് വിഭാഗങ്ങൾക്ക് പഞ്ചായത്ത് അനുമതിയും ലൈസൻസും വേണമെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായിയും സിപിഐഎമ്മിന്‍റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണയ്‌ക്കെതിരെ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 2022ലായിരുന്നു ഷെര്‍ഷാദ് രാജേഷ് കൃഷ്ണയ്ക്കെതിരെ പരാതി നല്‍കിയത്. ഈ കത്ത് ചോർന്നെന്നാണ് ആരോപണം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തിയതിനെതിരെയും ഷർഷാദ് പരാതി നൽകിയിരുന്നു. ഷെർഷാദ് സിപിഐഎം നേതൃത്വത്തിന് നൽകിയ കത്ത് കോടതിയില്‍ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമര്‍പ്പിച്ചത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ത്തി നല്‍കിയത് എം വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന ആരോപണവുമായി ഷര്‍ഷാദ് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാള്‍ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങള്‍ ഇയാള്‍ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേര്‍ന്ന് രാജേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ഷര്‍ഷാദ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം പാര്‍ട്ടി ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ വീണ്ടുമൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടി സ്ഥാനത്തെത്തിയ ശേഷം എം വി ഗോവിന്ദനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും പാര്‍ട്ടി കരുതുന്നു. ഇന്ന് ചേരുന്ന പൊളിറ്റ് ബ്യൂറോയില്‍ വിഷയം കാര്യമായി ചര്‍ച്ചയാകില്ലെന്നാണ് വിവരം.

Content Highlight : Letter leak controversy: MB Rajesh refuses to answer question on whether he knows Rajesh Krishna

dot image
To advertise here,contact us
dot image