എംഎസ്എഫിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചാല്‍ മതത്തിനെതിരായ വിമര്‍ശനമാകുന്നത് എങ്ങനെ? എം ശിവപ്രസാദ്

ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പേറുന്നവരായി എംഎസ്എഫ് മാറുന്നുവെന്നും മതനിരപേക്ഷത ഉയര്‍ത്തേണ്ട എംഎസ്എഫ് വര്‍ഗീയത പറഞ്ഞു പ്രവര്‍ത്തിക്കുന്നുവെന്നും എം ശിവപ്രസാദ് ആരോപിച്ചു

dot image

കൊച്ചി: എംഎസ്എഫിനെതിരെ ആഞ്ഞടിച്ച് വീണ്ടും എസ്എഫ്‌ഐ. വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ വിഭാഗീയത ഉണ്ടാക്കുന്നതില്‍ പ്രധാനി എംഎസ്എഫ് ആണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു. എംഎസ്എഫിനെതിരെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ചാല്‍ മതത്തിനെതിരായ വിമര്‍ശനമാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. വിഭാഗീയത ഉണ്ടാക്കാന്‍ ആര് കടന്നുവന്നാലും എസ്എഫ്‌ഐ പ്രതിരോധിക്കുമെന്നും ശിവപ്രസാദ് പറഞ്ഞു.

'വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ലീഗിന്റെ ആശയമാണോ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയമാണോ എംഎസ്എഫിന്റെ വാക്കുകളിലെന്ന് ലീഗ് നേതൃത്വം പരിശോധിക്കണം. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയം പേറുന്നവരായി എംഎസ്എഫ് മാറുന്നു. മതനിരപേക്ഷത ഉയര്‍ത്തേണ്ട എംഎസ്എഫ് വര്‍ഗീയത പറഞ്ഞു പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഗീയവാദിക്കും മത വിശ്വാസി ആകാന്‍ കഴിയില്ല. ഒരു മതവിശ്വാസിക്കും വര്‍ഗീയവാദി ആകാനും കഴിയില്ല', ശിവപ്രസാദ് കൂട്ടിച്ചേര്‍ത്തു.

പി കെ നവാസ് യഥാര്‍ത്ഥ വിശ്വാസി ആണോ എന്ന് വിശ്വാസികള്‍ ചോദിക്കണമെന്നും എംഎസ്എഫിനെ വിമര്‍ശിച്ചാല്‍ ഉടന്‍ സംഘിയുടെ ചാപ്പ കുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎന്‍എ ഖാദര്‍ കേസരിയുടെ പരിപാടിയില്‍ പങ്കെടുത്തെന്നും എന്നിട്ട് അദ്ദേഹത്തെ ചാപ്പ കുത്തിയോയെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചോദിച്ചു.

'ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ് പാണക്കാട് തങ്ങളെ പുകഴ്ത്തിയിട്ടുണ്ട്. പാണക്കാട് തങ്ങള്‍ ബാബ രാംദേവിനെ ആശ്ലേഷിച്ചിട്ടുണ്ട്. വി വി രാജേഷിന് ഹസ്തദാനം നല്‍കുന്നത് പാണക്കാട് തങ്ങളും പി കെ കുഞ്ഞാലികുട്ടിയും ചേര്‍ന്നാണ്. എംഎസ്എഫിനെ വിമര്‍ശിച്ച കെഎസ്‌യു നേതാവാണ് ഗോകുല്‍ ഗുരുവായൂര്‍. എന്നിട്ട് ഇവര്‍ക്കെതിരെ ചാപ്പ കുത്തിയോ?' ശിവപ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ശിവപ്രസാദിന്റെ ചോദ്യങ്ങള്‍. കെഎസ്‌യുക്കാരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞു തരും എംഎസ്എഫ് ആരാണെന്ന് എന്നും അദ്ദേഹം പറഞ്ഞു.

M Sivaprasad
എം ശിവപ്രസാദ്

എംഎസ്എഫിന് ആരാണ് ഫണ്ട് ചെയ്യുന്നത്. പി കെ കുറുവാ സംഘം പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ടോയെന്നും യുയുസിമാരെ വിലക്കെടുക്കുന്നത് ഈ ഫണ്ടില്‍ നിന്നാണോയെന്നും അദ്ദേഹം പരിഹസിച്ചു. ഹിന്ദു ഐക്യവേദി നേതാവ് പി കെ ശശികലയ്‌ക്കെതിരെയും ശിവപ്രസാദ് വിമര്‍ശനമുന്നയിച്ചു. അങ്ങാടിയില്‍ തര്‍ക്കം ഉണ്ടായാല്‍ ബോധവും വെളിവും ഇല്ലാത്ത ചില ആളുകള്‍ ചിലപ്പോള്‍ ഇടപെടും. അതുപോലെയാണ് പി കെ ശശികല അഭിപ്രായം പറയുന്നതെന്നും അത് ആരെങ്കിലും കാര്യമാക്കുമോയെന്നും ശിവപ്രസാദ് ചോദിച്ചു.

Content Highlights: M Sivaprasad against MSF and P K Navas

dot image
To advertise here,contact us
dot image