
ഒമാനില്‍ നിയമ ലംഘകരെ കണ്ടെത്തുന്നതിനുളള പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ 8000ത്തോളം പ്രവാസികള്‍ അറസ്റ്റിലായി. ഒമാനില്‍ നിയമ ലംഘകര്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 6,698 പരിശോധനകളാണ് തൊഴില്‍ മന്ത്രാലയം നടത്തിയത്. 7,874 പ്രവാസികൾ ഇക്കാലയളവില്‍ അറസ്റ്റിലായി.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, റീട്ടെയില്‍ മാര്‍ക്കറ്റുകള്‍, ലോജിസ്റ്റിക്‌സ്, ഗതാഗതം, ടൂറിസം സ്ഥാപനങ്ങള്‍, വെയര്‍ഹൗസുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാവസായിക വര്‍ക്ക്ഷോപ്പുകള്‍, പൊതു സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലായിരുന്നു പരിശോധന. പല രീതിയിലാണ് പരിശോധനകള്‍ സംഘടിപ്പിക്കുന്നതെന്ന് മസ്‌ക്കത്ത് ലേബര്‍ കണ്‍ട്രോള്‍ ഓഫിസിലെ ഇന്‍സ്‌പെക്ഷന്‍ കാമ്പെയ്ന്‍സ് വിഭാഗം മേധാവി അമാനുല്ല ബിന്‍ ബലാന്‍ അല്‍ ബലൂഷി പറഞ്ഞു.
ആക്ഷന്‍ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ ഷെഡ്യൂള്‍ ചെയ്ത സന്ദര്‍ശനങ്ങള്‍, പൊതുജനങ്ങളുടെ പരാതികളെത്തുടര്‍ന്നുളള പരിശോധനകള്‍,
നിയമവിരുദ്ധ തൊഴിലാളികളെ കണ്ടെത്തുന്നതിനുളള അപ്രതീക്ഷിത പരിശോധനകള്‍ അങ്ങനെ വിവിധ രീതിയിലാണ് പരിശോധനകള്‍ ക്രമീകരിച്ചിരിക്കുന്നത്.
നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് മാത്രമല്ല, നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലുടമകളിലും തൊഴിലാളികളിലും അവബോധം വളര്‍ത്തുന്നതിന് കൂടിയാണ് ഇത്തരം കാമ്പയിനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
തൊഴില്‍ വിപണി കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രവണതകള്‍ തടയുന്നതിനും തുടര്‍ച്ചയായ പരിശോധനകള്‍ ആവശ്യമാണെന്നും മന്ത്രാലയം വിലിരിത്തുന്നു. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.
Content Highlights: Ministry of Labor intensifies inspections to detect lawbreakers in Oman