വോട്ടർപട്ടികയിലെ ക്രമക്കേട്: 'ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷൻ്റെ നിലപാട് ശരിയല്ല'; പി രാജീവ്

കമ്മീഷന് എതിരെയുള്ള ആക്ഷേപങ്ങൾ സുപ്രീംകോടതി പരിശോധിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി

dot image

കൊച്ചി: വോട്ടര്‍ പട്ടിക ആരോപണങ്ങൾ തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിയിക്കണമെന്ന് മന്ത്രി പി രാജീവ്. ഒരന്വേഷണവും നടത്തില്ല എന്ന കമ്മീഷന്റെ നിലപാട് ശരിയല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവും നി‍‍ർഭയവുമായി പ്രവർത്തിക്കുന്നതായിരിക്കണമെന്നും പി രാജീവ്‌ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണ സംവിധാനങ്ങളുടെ ഒരു അനുബന്ധ സ്ഥാപനമായി മാറുന്നുവെന്ന ആശങ്ക നമ്മുടെ രാജ്യത്ത് വളരെ ശക്തമാണെന്നും മന്ത്രി പറഞ്ഞു. കമ്മീഷന് എതിരെയുള്ള ആക്ഷേപങ്ങൾ സുപ്രീം കോടതി പരിശോധിക്കുകയാണെന്നും പി രാജീവ് വ്യക്തമാക്കി.

അതേസമയം വോട്ട് ചോരി ആരോപണങ്ങൾക്ക് മറുപടിയുമായി ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനം വിളിച്ചിരുന്നു. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത്. ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ ​ഗാന്ധി വോട്ടർമാരുടെ സ്വകാര്യത ലംഘിക്കുകയാണ് ചെയ്തതെന്നും ആരോപണങ്ങളിൽ അന്വേഷണം നടത്തില്ലെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. വോട്ടര്‍മാര്‍ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് എസ്‌ഐആര്‍ ആരംഭിച്ചതെന്നും പരാതികളുണ്ടെങ്കിലും ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാതിലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും മുമ്പ് തുറന്നുവെച്ചിരിക്കുകയാണെന്നും ആര്‍ക്കും പരാതി അറിയിക്കാമെന്നും മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ പറഞ്ഞു. തെരഞ്ഞടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ചിലര്‍ എസ്‌ഐആറിനെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരോപിച്ചു.

തെരഞ്ഞെടുപ്പ് രംഗത്ത് പരാതിയുണ്ടെങ്കില്‍ 45 ദിവസത്തിനകം കോടതിയെ സമീപിക്കാന്‍ അവസരം ഉണ്ട്. പ്രതിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ രണ്ടിടത്ത് പേരുണ്ടെങ്കിലും ഒരുതവണയേ വോട്ട് ചെയ്യാനാകൂ. വോട്ടിംഗ് മെഷീനില്‍ ഒരാള്‍ക്ക് ഒരു തവണയേ വോട്ടുചെയ്യാന്‍ സാധിക്കു. പിന്നെങ്ങനെ വോട്ട് ചോരി നടക്കും. ചിലരുടെ പേരില്‍ വീടുണ്ടാകില്ല. അവരുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടാകും. റോഡരുകില്‍ കിടക്കുന്നവരായിരിക്കും, പാലങ്ങള്‍ക്ക് അടിയില്‍ കിടക്കുന്നവരായിരിക്കും, അവര്‍ ഈ രാജ്യത്തെ പൗരന്മാരെങ്കില്‍ അവരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. അനധികൃത കോളനികളില്‍ താമസിക്കുന്നവരായാലും അവര്‍ക്ക് വോട്ട് ചെയ്യാന്‍ കമ്മീഷന്‍ അവസരം ഒരുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

Content Highlight : Irregularities in the voter list; The Commission's stance that it will not conduct any investigation is not correct; P Rajeev

dot image
To advertise here,contact us
dot image