
കണ്ണൂര്‍: വിഭജന ഭീതി ദിനാചരണം സംഘടിപ്പിച്ചത് നാട്ടില്‍ കലാപം ഉണ്ടാക്കാനാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജന്‍. കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇവിടെ കലാപമുണ്ടാക്കാന്‍ സിപിഐഎം അനുവദിക്കില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. അനുരാഗ് താക്കൂര്‍ വയനാടിനെക്കുറിച്ച് പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞെന്നും വിവാദ പ്രസ്താവനകള്‍ സ്ഥിരമായി നടത്തി ഭിന്നത ഉണ്ടാക്കുന്ന ആളാണ് അദ്ദേഹമെന്നും ജയരാജന്‍ പറഞ്ഞു. എവിടെ ബിജെപിയുണ്ടോ അവിടെ കളളവോട്ട് ഉണ്ടെന്നും സംസ്ഥാനത്ത് ബിജെപിക്ക് സ്വാധീനമുളള മേഖലകളില്‍ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്, അതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും എം വി ജയരാജന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. പരിപാടി സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിനും സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇമെയില്‍ വഴി നിര്‍ദേശം നല്‍കിയിരുന്നു. വിഭജന ഭീതി ദിനാചരണം എവിടെ നടത്തിയാലും നേരിടുമെന്നായിരുന്നു എസ്എഫ്ഐയുടെ നിലപാട്. എന്നാൽ സംസ്ഥാനത്തെ വിവിധ കോളേജുകളിൽ എബിവിപിയുടെ നേതൃത്വത്തിൽ വിഭജന ഭീതി ദിനം ആചരിച്ചു.
കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയാണ് വിഭജന ഭീതി ദിനം ആചരിച്ചത്. എബിവിപി ദേശീയ നിര്‍വാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി. കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് 'വിഭജന ഭീതി ദിന'മെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
'ദുരിതമനുഭവിച്ചവരില്‍ പലരും തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിനും ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനും ശ്രമിച്ചു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം', പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2021ലാണ് നരേന്ദ്ര മോദി ഓഗസ്റ്റ് 14 'വിഭജന ഭീതി ദിന'മായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം, 2022 മുതല്‍ ഈ ദിനം ആചരിച്ചുതുടങ്ങി.
Content Highlights: MV Jayarajan against conducting partition horror rememberance day