
ജറുസലേം: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ പ്രഖ്യാപിച്ച പുതിയ കുടിയേറ്റ പദ്ധതിക്കെതിരെ വിമർശനം ശക്തമാകുന്നു. വെസ്റ്റ് ബാങ്കിൽ പുതുതായി 3000 വീടുകൾ നിർമിക്കുമെന്നാണ് തീവ്രനിലപാടുകാരനായ ഇസ്രയേൽ ധനമന്ത്രി ബെ സലേൽ സ്മോട്രിച്ച് പറഞ്ഞത്. പുതിയ കുടിയേറ്റമേഖലയെന്ന ആശയം രൂപപ്പെടുന്നതോടെ പലസ്തീൻ രാഷ്ട്രമെന്ന ആശയം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറയുകയുണ്ടായി. കിഴക്കൻ ജറുസലേമിലെ ഇ വൺ എന്ന് പേരിട്ടിരിക്കുന്ന പ്രദേശത്താണ് നിർമാണം നടത്തുന്നത്. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് രണ്ടു പതിറ്റാണ്ടിലേറെയായി പദ്ധതി നടപ്പാക്കാതിരിക്കുകയായിരുന്നു ഇസ്രായേൽ.
പദ്ധതി വെസ്റ്റ് ബാങ്കിനെ കിഴക്കൻ ജറുസലേമിൽ നിന്നും പൂർണമായും മുറിച്ചുമാറ്റുന്നതാകും. കൂടാതെ കിഴക്കൻ ജറുസലേമിലുള്ള പലസ്തീനികൾക്ക് വെസ്റ്റ് ബാങ്കിലെത്താൻ വഴി അടയുമെന്നതാണ് ഉയരുന്ന പ്രധാന വിമർശനം. ഓസ്‌ട്രേലിയ, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ നിരവധി രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിലെ പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് പലസ്തീൻ രാഷ്ട്രമെന്ന ആശയത്തെതന്നെ ഇല്ലാതാകുമെന്ന സ്‌മോട്രിച്ചിന്റെ പ്രസ്താവന വരുന്നത്. പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നവർക്ക് ഇസ്രയേൽ തക്ക മറുപടി നൽകുമെന്നും മുന്നറിയിപ്പു നൽകി.
ഇസ്രയേലിന്റെ നീക്കം വെസ്റ്റ്ബാങ്കിനെ രണ്ടുഭാഗമായി വിഭജിക്കുമോയെന്ന ആശങ്ക അവകാശസംഘടനകൾ പങ്കുവെച്ചു. അതേസമയം കഴിഞ്ഞ മാർച്ചിൽ തെക്ക്- വടക്കൻ വെസ്റ്റ് ബാങ്കുകളെ ബന്ധിപ്പിച്ച് പലസ്തീനികൾക്ക് മാത്രമായി റോഡ് നിർമാണവും ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രധാന ഹൈവേയിൽ പലസ്ത്‌നീകൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഗാസയിലും വെസ്റ്റ്ബാങ്കിലുമുള്ള പലസ്തീൻകാർക്ക് ജീവകാരുണ്യസഹായമെത്തിക്കുന്നത് തടയുന്ന നടപടി ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് സന്നദ്ധസംഘടനകൾ ആവശ്യപ്പെട്ടു. പലസ്തീൻകാർക്കുനേരേ സഹായം ആയുധമാക്കുന്നത് ഇസ്രയേൽ നിർത്തണമെന്നാവശ്യപ്പെടുന്ന കത്തിൽ ഓക്സ്ഫാം, ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഉൾപ്പെടെ നൂറിലേറെ സന്നദ്ധ-അവകാശസംഘടനകൾ ഒപ്പിട്ടു.
Content Highlights: Israel announces settlement project that critics say will effectively cut the West Bank in two