'ഞാന്‍ തരുന്ന ഈ 5 പവന്റെ മാല ഇടൂ, തന്റെ 2 പവന്റെ മാല ഞാനിട്ടോളാം'; ഇടുക്കിയില്‍ യുവതിയെ വഞ്ചിച്ചു,അറസ്റ്റ്

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

dot image

തൊടുപുഴ: വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. കാര്‍ത്തിക് രാജ് എന്ന ഈ തട്ടിപ്പുവീരനെ ഇടുക്കി തൊടുപുഴ പൊലീസാണ് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് സ്വര്‍ണമാല കവര്‍ന്ന കേസിലാണ് അറസ്റ്റ്.

അഭിലാഷ് എന്ന കള്ളപേരിലാണ് മാട്രിമോണി സൈറ്റ് വഴി വാഗമണ്‍ സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. താന്‍ ഡോക്ടറാണെന്നും യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞ് വിശ്വാസം നേടിയെടുത്തു. ഈ മാസം അഞ്ചാം തിയ്യതി തൊടുപുഴയിലെത്തി യുവതിയെ നേരില്‍ കണ്ട ശേഷം ഒരു മാല സമ്മാനമായി നല്‍കി.

അഞ്ചു പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണിതെന്ന് പറഞ്ഞ് ഇയാള്‍ യുവതിക്ക് മാല നല്‍കുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ ഉണ്ടായിരുന്ന രണ്ട് പവന്റെ മാല താനിട്ടോളാം എന്ന് പറഞ്ഞ് വാങ്ങുകയും ചെയ്തു.

ഇതിന് ശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങുകയായിരുന്നു കാര്‍ത്തിക് രാജ്. നാമക്കല്ലില്‍ വച്ച് പൊലീസിനെ കണ്ട് ഓടിയ പ്രതിയെ സാഹസികമായാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിരവധി സ്ത്രീകളെയാണ് കാര്‍ത്തിക് രാജ് വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചിട്ടുള്ളത്. പലരും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതിയെ പിടികൂടാന്‍ തമിഴ്‌നാട് പൊലീസിന് കഴിഞ്ഞിരുന്നില്ല. ഈ തരത്തില്‍ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് കാര്‍ത്തിക് രാജ് ചെലവഴിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: Man arrested for extorting gold and money

dot image
To advertise here,contact us
dot image