
പാലക്കാട്: പാലക്കാട് അരിയൂര്‍ സഹകരണ ബാങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്ഥാനക്കയറ്റത്തിന് ശ്രമം. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതിന് മുസ്ലീം യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുസ്ലീം യൂത്ത് ലീഗ് നേതാവ് ഗഫൂര്‍ കോല്‍ക്കളത്തില്‍, മുസ്ലീം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി അബ്ദുള്‍ റഷീദ് എന്നിവര്‍ക്കെതിരെയാണ് നാട്ടുകല്‍ പൊലീസ് കേസെടുത്തത്. തെങ്കര ഡിവിഷനില്‍ നിന്നുള്ള പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം കൂടിയാണ് ഗഫൂര്‍.
സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയത് എന്ന് കണ്ടെത്തിയത്. വ്യാജ നിയമനം തരപ്പെടുത്തി എന്നതുള്‍പ്പെടെയുള്ള കേസുകളാണ് യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ബെംഗളൂരുവില്‍ നിന്നും നേടിയ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റില്‍ സംശയം തോന്നിയപ്പോള്‍ തന്നെ വിവരം ബാങ്കില്‍ അറിയിച്ചിരുന്നതായി ലീഗ് നേതാക്കള്‍ പറഞ്ഞു. തട്ടിപ്പിന് ശ്രമിച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പു വരുത്തും വരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കരുതെന്ന് കാണിച്ച് ബാങ്കിന് കത്തു നല്‍കിയിരുന്നതായും ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു.
Content Highlight; Attempt to get promotion using fake certificate; Case filed against Youth League leaders