തൃശ്ശൂര്‍ ബിജെപി വിജയത്തില്‍ ഉത്തരവാദിയായ അന്നത്തെ എംപിക്കെതിരെ നടപടിയെടുത്തില്ല; മുന്‍ ഡിസിസി ജനറല്‍ സെകട്ടറി

കോൺ​ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് വടകരയിലെ സീറ്റ് ഉപേക്ഷിച്ച് കെ. മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കാൻ വന്നത്

dot image

തൃശ്ശൂർ: രാഹുൽ ​ഗാന്ധി ഉയർത്തിയ വോട്ടർപട്ടിക ക്രമക്കേടിന്റെ മറവിൽ ബിജെപി യുടെ വിജയത്തിന് കാരണമായ ജില്ലയിലെ കോൺ​ഗ്രസ് നേതാക്കൾക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് മുൻ ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്ര​ദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. കോൺ​ഗ്രസിന്റെ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് വടകരയിലെ സീറ്റ് ഉപേക്ഷിച്ച് കെ മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കാൻ വന്നത്. കോൺ​ഗ്രസ് നേതാക്കള്‍ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന് പലരുടെയും പേരുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

കെപിസിസി അന്വേഷണ കമ്മിഷൻ കോൺഗ്രസ് നേതാക്കളുടെ വീഴ്ച ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിട്ടും അന്നത്തെ ഡിസിസി പ്രസിഡന്റിനെ രാജിവെപ്പിച്ചതല്ലാതെ മറ്റെന്ത് നടപടിയാണ് നേതൃത്വം സ്വീകരിച്ചതെന്നും യതീന്ദ്രദാസ് ചോദിച്ചു.തൃശ്ശൂര്‍ മുന്‍ എംപി ടിഎന്‍ പ്രതാപന് നേരെയാണ് യതീന്ദ്രദാസിന്‍റെ പ്രധാന ആരോപണങ്ങള്‍.

തൃശ്ശൂരിലെ ഫ്ലാറ്റുകളും മറ്റും കേന്ദ്രീകരിച്ച് വ്യാജവോട്ടുകൾ ചേർക്കുന്നതായി തിരഞ്ഞെടുപ്പുകാലത്തുതന്നെ ഊഹാപോഹങ്ങൾ ഉയർന്നപ്പോഴും നാട്ടികയിൽ ഇത്തരം വോട്ടുകൾ കൂടുതലായി ചേർക്കുന്നുവെന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല. സംഘപരിവാർ സംഘടനകളുമായി പരസ്യമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പാർട്ടിയുടെ ഭാരവാഹികളായി തുടരുന്നുണ്ടെന്നും യതീന്ദ്രദാസ് പറഞ്ഞു.

കോൺഗ്രസ് പരാജയത്തിലും ബിജെപി വിജയത്തിലും പ്രധാന ഉത്തരവാദിയായ അന്നത്തെ എംപിക്കെതിരേ നടപടി എടുത്തില്ലെന്നു മാത്രമല്ല, ജില്ലയിലെ കോൺഗ്രസിനെ മൊത്തം അദൃശ്യമായി നയിക്കുന്ന ചുമതല നൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.പാർട്ടിയുടെ നേതൃത്വത്തിൽ വിശ്വാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: We cannot escape responsibility for the defeat - P. Yathindradas

dot image
To advertise here,contact us
dot image