
ആരോഗ്യകരമായ ഭക്ഷണരീതിയുടെ ഭാഗമായി ചിയാ സീഡ് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. ഇതുവഴി പലവിധ ഗുണങ്ങളും ശരീരത്തിന് ലഭിക്കും. പ്രോട്ടീന്‍, നാരുകള്‍, ഒമേഗ-3ഫാറ്റി ആസിഡ്, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയ നിരവധി പോഷകങ്ങളുടെ കലവറയാണ് ചിയാ സീഡുകൾ. ചിയ വിത്തുകള്‍ ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും.
എന്നാല്‍ എല്ലാവര്‍ക്കും ചിയാ സീഡുകള്‍ ഇഷ്ടമായിരിക്കണമെന്നില്ല. ചിയാ സീഡുകൾ ദഹനപ്രശ്നങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുന്നവരുമുണ്ട്. ഇവർക്ക് ഗുണത്തേക്കാളേറെ ചിയാ സീഡുകൾ ദോഷം ചെയ്യും. ചിയാ സീഡുകൾക്ക് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഫുഡുകള്‍ പരിചയപ്പെടാം.
പോഷകഗുണങ്ങളിൽ ചിയാ സീഡുകള്‍ക്കൊപ്പം നിൽക്കുന്നവയാണ് ഫ്ലാക്സ് സീഡുകൾ. ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമാണ് ഫ്‌ളാക്‌സ് സീഡ്. മാത്രവുമല്ല ഫൈബറുകള്‍, ലിഗ്നാനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഹോർമോൺ സന്തുലിതാവസ്ഥയെയും ഹൃദയാരോഗ്യത്തെയും പിന്തുണയ്ക്കുന്ന നിരവധി സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സ്മൂത്തികളിലോ ഓട്‌സിലോ റൊട്ടിയിലും ചേര്‍ത്ത് ഫ്ലാക്സ് വിത്തുകള്‍ ഉപയോഗിക്കാം.
മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, എള്ള്, വാല്‍നട്ട് പോലുള്ളവ ചിയാ സീഡുകൾക്ക് പകരമായി ഉപയോഗിക്കാം. ഇവയില്‍ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രധാന ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ശരീരം തണുപ്പിക്കാനും കുടലിന് അനുയോജ്യവുമാണ് ബേസില്‍ വിത്തുകള്‍. ദഹനത്തിനും ഇത് മികച്ചതാണ്. ചിയ പോലെ ഇവ വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്നത് ദഹിക്കാൻ എളുപ്പവും കൂടുതൽ രുചികരവുമാണ്. വെള്ളത്തിലോ, നീംബു പാനിയിലോ മോരിലോ ഇവ കുതിര്‍ക്കാം.
Content Highlights: Don't Like Chia Seeds? Healthy Substitutes With Similar Nutritional Value