'വൈകുന്നതിന് മുമ്പ് ഗാസ സന്ദര്‍ശിക്കണം'; മാര്‍പാപ്പയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പോപ് ഗായിക മഡോണ

ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരേയൊരു വ്യക്തി മാര്‍പാപ്പയാണെന്ന് മഡോണ

dot image

ലണ്ടന്‍: ലിയോ മാര്‍പാപ്പ ഗാസ സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പോപ് ഗായിക മഡോണ. വൈകുന്നതിന് മുമ്പ് ഗാസ സന്ദര്‍ശിക്കണമെന്നും അവിടുത്തെ കുഞ്ഞുങ്ങള്‍ക്ക് വെളിച്ചം നല്‍കണമെന്നും മഡോണ ആവശ്യപ്പെട്ടു. പ്രവേശനം നിഷേധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരേയൊരു വ്യക്തി മാര്‍പാപ്പയാണെന്ന് മഡോണ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

നമ്മുടെ മുന്നിലാണ് പട്ടിണി നടക്കുന്നതെന്നും പട്ടിണി ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മഡോണയുടെ പ്രതികരണം. 'പരിശുദ്ധനായ പിതാവേ, വൈകുന്നതിന് മുമ്പ് അങ്ങ് ഗാസയിലേക്ക് പോകുകയും അവിടുത്തെ കുഞ്ഞുങ്ങളില്‍ പ്രകാശം നല്‍കുകയും ചെയ്യണം. ഒരു അമ്മയെന്ന നിലയില്‍ അവരുടെ വേദന കാണാന്‍ സാധിക്കുന്നില്ല. ലോകത്തിലെ കുട്ടികള്‍ എല്ലാവരുടേതുമാണ്. ഗാസയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാത്ത ഒരേയൊരാള്‍ നിങ്ങളാണ്', മഡോണ കുറിച്ചു.

നിരപരാധികളായ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മനുഷ്യത്വത്തിന്റെ വാതില്‍ തുറക്കണമെന്നും മഡോണ പറഞ്ഞു. 'ഇന്ന് എന്റെ മകന്‍ റൊക്കോയുടെ പിറന്നാളാണ്. ഗാസയിലെ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്ക് എന്താണോ ചെയ്യാന്‍ കഴിയുക അത് ചെയ്യാന്‍ ആഹ്വാനം ചെയ്യുകയാണ് അവന് നല്‍കാന്‍ സാധിക്കുന്ന ഏറ്റവും വലിയ സമ്മാനം', മഡോണ പറയുന്നു.

'ഇനി സമയം അധികമില്ല, ദയവ് ചെയ്ത് നിങ്ങള്‍ പോകുമെന്ന് പറയൂ, സ്‌നേഹത്തോടെ മഡോണ', എന്ന് പറഞ്ഞാണ് മഡോണ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഗാസയ്ക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന ഗായികയാണ് മഡോണ. കഴിഞ്ഞ മാസം തന്റെ നീണ്ട റീമിക്‌സ് ആല്‍ബമായ വെറോണിക്ക ഇലക്ട്രോണിക്ക പുറത്തിറക്കുന്ന വേദിയില്‍ ഗാസയെക്കുറിച്ച് നീണ്ട പ്രസംഗം മഡോണ നടത്തിയിരുന്നു. അതേസമയം കഴിഞ്ഞ മാസം ഗാസയിലെ അക്രമം അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.

Content Highlights: Pop Singer Madonna urges Pope Leo to go Gaza

dot image
To advertise here,contact us
dot image