'കയ്യിലെടുക്കുന്തോറും ഒരു നെഗറ്റീവ് ഫീല്‍, വിറയല്‍, വേദനിപ്പിച്ചതിന് മാപ്പ്'; നഷ്ടപ്പെട്ട മാല തിരികെ നൽകി

മാല നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന ഗീതയ്ക്ക് മാലയ്‌ക്കൊപ്പം അതെടുത്തയാള്‍ ഒരു കത്തും കരുതിയിരുന്നു

dot image

കാസറകോട്: മോഷ്ടിക്കപ്പെട്ടതാണോ എന്ന് ഉറപ്പില്ല. എങ്കിലും ദിവസങ്ങള്‍ക്ക് മുന്‍പ് നഷ്ടപ്പെട്ട മാല തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കാസർകോട് പൊയ്‌നാച്ചി പറമ്പ സ്വദേശിയായ ലക്ഷ്മി നിവാസില്‍ എം. ഗീത.

ഒന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് കയ്യില്‍ നിന്നും മാല നഷ്ടപ്പെട്ടതിന്റെ വിഷമത്തിലിരുന്ന ഗീതയ്ക്ക് മാലയ്‌ക്കൊപ്പം അതെടുത്തയാള്‍ ഒരു കത്തും കരുതിയിരുന്നു. ഇന്നലെ രാവിലെ പൊയ്‌നാച്ചിയിലേക്ക് പോകാനിറങ്ങുമ്പോളാണ് വരാന്തയിലെ ഇരിപ്പിടത്തില്‍ മാലയും അതോടൊപ്പം കത്തും കണ്ടെത്തിയത്.

'മാല എന്റെ കൈകളില്‍ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീല്‍, ഒരു വിറയല്‍. കുറേ ആലോചിച്ചു എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്ന സന്ദേശം വാട്‌സ്ആപ്പില്‍ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതല്‍ വേണ്ടെന്ന്. അങ്ങനെ അഡ്രസ് കണ്ടുപിടിച്ചു. എന്നെ പരിചയപ്പെടുത്താന്‍ താല്‍പര്യമില്ല. ഇത്രയും ദിവസം കയ്യില്‍ വച്ചതിന് മാപ്പ്. വിഷമിപ്പിച്ചതിനും മാപ്പ്.' എന്നായിരുന്നു മാല തിരിച്ച് നല്‍കിയ ആള്‍ കുറിപ്പില്‍ വ്യക്തമാക്കിയത്.

ഈ മാസം 4ന് വൈകീട്ട് പൊയ്‌നാച്ചിയില്‍ നിന്ന് പറമ്പയിലേക്ക് ഭര്‍ത്താവ്, റിട്ട. റവന്യൂ ഉദ്യോഗസ്ഥന്‍ വി ദാമോദരനൊപ്പം ബസില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോളാണ് 36 ഗ്രാം തൂക്കമുള്ള സ്വര്‍ണ മാല കാണാതായെന്ന് മനസിലാകുന്നത്.

മേല്‍പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസിന്റെ പൊതുജനക്കൂട്ടായ്മ വാട്‌സ്ആപ് ഗ്രൂപ്പില്‍ മാല നഷ്ടപ്പെട്ട വിവരം പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സന്ദേശം കണ്ടയാള്‍ മാല തിരികെ നല്‍കിയത്. കത്തില്‍ ഗീതയുടെ വീടിന്റെ തൊട്ടടുത്ത സ്ഥലമായ കുണ്ടംകുഴി എന്ന് എഴുതിയിട്ടുണ്ട്.

Content Highlight; Anonymous Returns Lost Gold Chain with Letter

dot image
To advertise here,contact us
dot image