ഡോ. ഹാരിസിനെ കണ്ടിരുന്നു, സമാധാനമായി ഇരിക്കാന്‍ പറഞ്ഞു, കുരുക്കാൻ ആണെങ്കിൽ പോയി കാണേണ്ട കാര്യമുണ്ടോ?: ഡിഎംഇ

വാര്‍ത്താസമ്മേളനത്തില്‍ സൂപ്രണ്ട് ഡോ. സുനില്‍ കുമാറിനേയും പ്രിന്‍സിപ്പല്‍ പി കെ ജബ്ബാറിനേയും ഫോണില്‍ വിളിച്ചത് താന്‍ തന്നെയാണെന്നും ഡിഎംഇ പറഞ്ഞു

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെ നേരിട്ട് പോയി കണ്ടിരുന്നുവെന്ന് ഡിഎംഇ ഡോ. വിശ്വനാഥന്‍. സമാധാനമായി ഇരിക്കാന്‍ പറഞ്ഞു. നിലവിലെ വിഷയങ്ങളില്‍ ടെന്‍ഷനടിക്കേണ്ട എന്ന് പറഞ്ഞു. ഡോ. ഹാരിസിനെ കുരുക്കാനായിരുന്നോ വാര്‍ത്താസമ്മേളനം എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ നേരിട്ട് പോയി കാണേണ്ടതുണ്ടോ എന്ന് ഡിഎംഇ ചോദിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സൂപ്രണ്ട് ഡോ. സുനില്‍ കുമാറിനേയും പ്രിന്‍സിപ്പല്‍ പി കെ ജബ്ബാറിനേയും ഫോണില്‍ വിളിച്ചത് താന്‍ തന്നെയാണെന്നും ഡിഎംഇ പറഞ്ഞു. സുനില്‍ കുമാറും ജബ്ബാറും ഡോക്ടര്‍മാരാണ്. അവര്‍ മീഡിയയെ അഭിമുഖീകരിക്കുന്നത് ആദ്യമായാണ്. അവര്‍ ഒരുപാട് ചോദ്യങ്ങളെ നേരിട്ടു. അത് അവര്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കി. അതുകൊണ്ടാണ് താന്‍ അവരെ വിളിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞെന്നും ഡിഎംഇ പറഞ്ഞു.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ടെന്നും ഡോ. വിശ്വനാഥന്‍ പറഞ്ഞു. സര്‍ക്കാരും ആശുപത്രി അഡ്മിനിസ്‌ട്രേഷനും ഡോ ഹാരിസിനെതിരല്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. ഹാരിസ് ഡോക്ടറുടെ അഭിപ്രായം പരിഗണിക്കും. എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമായിട്ടുള്ളതെന്ന് സര്‍ക്കാര്‍ കൃത്യമായി വിവരം തേടിയിട്ടുണ്ട്. എച്ച്ഡിഎസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഉപകരണക്ഷാമമില്ലാതെ എങ്ങനെ മുന്നോട്ടുപോകാം എന്നതടക്കം സര്‍ക്കാര്‍ ചോദിച്ചിരുന്നു. അക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം ചോദിച്ചിട്ടുണ്ട്. അതേപ്പറ്റി പഠനം നടന്നുകൊണ്ടിരിക്കുകയാണെന്നും ഡോ. വിശ്വനാഥന്‍ വിശദീകരിച്ചു.

ഇന്നലെയായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാറും സൂപ്രണ്ട് ഡോ. സുനില്‍കുമാറും വാര്‍ത്താസമ്മേളനം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രിന്‍സിപ്പല്‍ പിന്നീട് ഹാരിസ് ചിറക്കലിനെ സംശയനിഴലിലാക്കിയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തി. യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാതായി എന്നുള്ള വിദഗ്ധ സമിതിയുടെ കണ്ടെത്തലില്‍ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ വിശദമായ പരിശോധന നടത്തിയെന്നും ആദ്യ പരിശോധനയില്‍ കാണാത്ത പെട്ടി പിന്നീട് കണ്ടെത്തിയത് സംശയത്തിനിടയാക്കിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. അസ്വാഭാവികമായി കണ്ടെത്തിയ പെട്ടിയില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. എന്നാല്‍ ഇതിനുള്ളില്‍ നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ ആരോ കയറിയെന്ന സംശയമുണ്ടെന്നും സിസിടിവി പരിശോധിച്ചപ്പോള്‍ സംശയം ബലപ്പെട്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ പ്രിന്‍സിപ്പല്‍ ഉന്നയിക്കുന്നതിനിടെ സൂപ്രണ്ടിനും പ്രിന്‍സിപ്പലിലും ഡിഎംഇയുടെ കോള്‍ വന്നിരുന്നു. ഇത് സംശയത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഹാരിസിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കില്ലെന്ന വിവരവും പുറത്തുവന്നിരുന്നു.

Content Highlights- DME Dr Viswanathan reaction on allegations against dr haris chirackal

dot image
To advertise here,contact us
dot image