'സുരേഷ് ഗോപിയുടെ വിജയം കൃത്രിമം, ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർത്തു'; കെ മുരളീധരൻ

വോട്ടർ പട്ടികയിലെ ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് കെ മുരളീധരൻ

dot image

തിരുവനന്തപുരം:തൃശൂരില്‍ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നത് നേരത്തെ ഉന്നയിച്ചതാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ മുരളീധരൻ. ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടതായി മുരളീധരൻ ആരോപിച്ചു. ഒരു എക്‌സിറ്റ് പോളിലും ബിജെപി വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ്. എന്നാൽ ബിജെപി വിജയിച്ചു. സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ നേരത്തെ ഉന്നയിച്ചതാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

തലയ്ക്ക് വെളിവില്ലാത്ത വിദ്വാൻ അമേരിക്കൻ പ്രസിഡന്റ് ആയി എന്നായിരുന്നു ഇറക്കുമതി തീരുവ വിഷയത്തിൽ മുരളീധരന്റെ പ്രതികരണം. മോദിയും ട്രംപും ഒരേ തൂവൽ പക്ഷികളാണ്. നരേന്ദ്ര മോദിക്ക് ട്രംപിനോട് മൗനവും വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട നെഹ്‌റുവിനോട് വിദ്വേഷവുമാണ്. അമേരിക്കയുടെ തെറ്റായ നയങ്ങൾക്കെതിരെ അനങ്ങാതെ നിൽക്കുന്ന മോദി സർക്കാരിന് എതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നതായി അന്നത്തെ ഇടത് സ്ഥാനാർഥി വി എസ് സുനിൽ കുമാറും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് മുൻ മന്ത്രിയായ വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ലെന്നും കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്പദമാണെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുൻ കളക്ടറും തെരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന കൃഷ്ണ തേജക്ക് അന്ന് ലഭിച്ച പരാതി ഉന്നത തലങ്ങളിലേക്ക് കൈമാറിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. പരാതി ലഭിച്ചിട്ടില്ലെന്ന ചീഫ് ഇലക്ഷൻ ഓഫീസറുടെ അഭിപ്രായം അടിസ്ഥാനരഹിതമാണ്. അവസാന ഘട്ടത്തിലാണ് തൃശൂരിൽ വോട്ടുകൾ മുഴുവൻ ചേർത്തത്. വോട്ട് ചേർക്കുന്നതിലെ നിയമങ്ങൾ ലഘൂകരിച്ചത് അനർഹർ പോലും വോട്ട് ചേർക്കുന്നതിന് ഇടയാക്കി. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് ഇത്തരത്തിൽ വോട്ടുകൾ ചേർത്തത്. തൃശൂർ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നടന്ന സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിൽ സ്വതന്ത്ര്യ അന്വേഷണം അന്ന് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ കളക്ടർക്ക് ഇക്കാര്യത്തിൽ ശ്രദ്ധക്കുറവുണ്ടായെന്നും ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരേഷ് ഗോപിയും കുടുംബവും സുഹൃത്തുക്കളും വോട്ട് ചേർത്തു. നെട്ടിശ്ശേരിയിലെ അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ 11 വോട്ടുകളാണ് ചേർത്തതെന്നും എന്നാൽ ഇപ്പോൾ ആവീട്ടിൽ താമസക്കാരില്ലെന്നും ജോസഫ് ആരോപിച്ചിരുന്നു.


Content highlights: 'Suresh Gopi's victory was rigged, more than 50,000 fake votes were added focusing on flats'; K Muraleedharan

dot image
To advertise here,contact us
dot image