'ബാർ കൗൺസിലിൽ ദളിത്-വനിതാ-യുവ പ്രാതിനിധ്യം ഉറപ്പാക്കണം'; യുവ അഭിഭാഷക കൺവെൻഷനിൽ പ്രമേയം

ദളിത്-വനിതാ പ്രാതിനിധ്യമെന്നത് ഭരണാഘടനാ തത്വങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും യുവ അഭിഭാഷകർ ഏറെപേർ അഭിഭാഷക രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യത്തിൽ യുവ അഭിഭാഷകരുടെ പ്രാതിനിധ്യവും ബാർ കൗൺസിലിൽ ഉറപ്പു വരുത്തണമെന്നും പ്രമേയത്തിൽ ആവശ്യമുയർന്നു

dot image

കൊച്ചി: ബാർ കൗൺസിലിൽ ദളിത്-വനിതാ-യുവ അഭിഭാഷകരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കൺവെൻഷനിൽ പ്രമേയം. ദളിത്-വനിതാ പ്രാതിനിധ്യമെന്നത് ഭരണാഘടനാ തത്വങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും യുവ അഭിഭാഷകർ ഏറെപേർ അഭിഭാഷക രംഗത്തേക്ക് കടന്നുവരുന്ന സാഹചര്യത്തിൽ യുവ അഭിഭാഷകരുടെ പ്രാതിനിധ്യവും ബാർ കൗൺസിലിൽ ഉറപ്പു വരുത്തണമെന്നും പ്രമേയത്തിൽ ആവശ്യമുയർന്നു. വനിതാ അഭിഭാഷകർക്കെതിരെ അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ലൈംഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ ആഭ്യന്തര പരാതി പരിഹാര സമിതികൾ രുപീകരിക്കണമെന്നും പ്രമേയത്തിൽ പറയുന്നു.

അതേസമയം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് ജനാധിപത്യത്തിൽ അത്യാന്താപേക്ഷിതമാണെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുകൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നു എന്ന ആരോപണമുയരുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളിലടക്കം ജഡ്ജിമാരെ വിചാരണ ചെയ്യുന്നതും സ്വതന്ത്ര വിധിന്യായങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൺവെൻഷനിൽ യുവ അഭിഭാഷക സമിതി ചെയർപേഴ്സണായി നമിത ജോർജിനെയും കൺവീനറായി ആദിൽ പിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ മുഹമ്മദ് ഇബ്രാഹിം അബ്ദുൾസമദ് അദ്ധ്യക്ഷനായി. ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ടി.എ ഷാജി, ലോയേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ സി മോഹനൻ, ജില്ലാ സെക്രട്ടറി കെ കെ നാസർ, ജില്ലാ പ്രസിഡൻ്റ് ടി പി രമേശ് എന്നിവർ സംസാരിച്ചു.

Content Highlights:All India Lawyers Union Ernakulam District Convention held

dot image
To advertise here,contact us
dot image