

തിരുവനന്തപുരം: ഡോ. ഹാരിസിന്‍റെ മുറിയില്‍ നിന്ന് പുതിയ മോസിലോസ്കോപ്പിന്‍റെ ബില്ല് കണ്ടെത്തി എന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിൻസിപ്പലിന്റെ വാദം പൊളിയുന്നു. ഡോക്ടർ ഹാരിസിന്‍റെ മുറിയിൽ നിന്ന് കണ്ടെത്തിയ രേഖയുടെ പകർപ്പ് റിപ്പോർട്ടർ പുറത്ത് വിട്ടു. ഉപകരണങ്ങള്‍ നന്നാക്കാന്‍ കൊടുത്ത സ്ഥാപനം തിരിച്ചു നല്‍കിയ ഡെലിവറി ചലാനാണ് ബില്ലെന്ന തരത്തിൽ പുറത്തുവന്നത്. അതേസമയം, നെഫ്രോസ്കോപ്പിന് പകരം മോസിലോസ്കോപ്പ് എന്നാണ് ചലാ നില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് എഴുതിയപ്പോള്‍ പറ്റിയ പിഴവാണെന്ന് ക്യാപ്സൂള്‍ ഗ്ലോബല്‍ സൊലൂഷന്‍സ് റിപ്പോർട്ടറിനോട് പറഞ്ഞു.
ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നുമായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തിയെന്നും എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടെന്നും പ്രിന്‍സിപ്പല്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും
ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്‌നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത മറ്റൊരു പെട്ടി മുറിയില്‍ കണ്ടെത്തി.
കൊറിയർ ബോക്സ് പോലെ ആയിരുന്നു. എല്ലാവരുടേയും സാന്നിധ്യത്തിൽ കവർ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി. അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്‍റേതായിരുന്നു ബില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു.
Content Highlights: What was found in Dr. Harris's room was not a bill