

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ മോസിലോസ്കോപ്പ് നൽകിയിട്ടില്ലെന്ന് വൈറ്റില ക്യാപ്സൂൾ ഗ്ലോബൽ സൊല്യൂഷൻസ് ഉടമ വി സുനിൽകുമാർ. മൂന്ന് നെഫ്രോസ്കോപ്പ് നന്നാക്കാൻ തന്നിരുന്നു. എന്നാൽ ഇത് ഇന്ത്യയിൽ നന്നാക്കാൻ സാധിക്കുന്നവയല്ല. അതിനാൽ മൂന്നും തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ചയച്ചു. ഡെലിവറി ചലാനും അതിനൊപ്പം അയച്ചിട്ടുണ്ടെന്നും പേര് മാറിയത് എഴുതിയപ്പോൾ ഉണ്ടായ പിഴവാണെന്നും സുനിൽ കുമാർ റിപ്പോർട്ടറിനോട് പറഞ്ഞു. കടയിലെ ജീവനക്കാരിയും ഇതേകാര്യം റിപ്പോർട്ടറിനോട് വ്യക്തമാക്കി.
തന്റെ മുറിയിൽ കണ്ട ബില്ല് എറണാകുളത്ത് നിന്നും നന്നാക്കിക്കൊണ്ടുവന്ന നെഫ്രോസ്‌കോപ്പിന്റേതെന്ന് ഡോക്ടർ ഹാരിസ് ചിറക്കൽ റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഉപകരണങ്ങൾ തിരിച്ചറിയാത്തവരാണ് മുറിയിൽ കയറി പരിശോധിച്ചത്. നെഫ്രോസ്‌കോപ്പ് എറണാകുളത്തേക്ക് അയച്ചിട്ട് രണ്ട് മാസമായിരുന്നു. താൻ അവധിയിലായിരുന്നപ്പോഴാണ് ഉപകരണം തിരികെ വന്നതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം, ഡോ. ഹാരിസിൻറെ മുറിയിൽ നിന്ന് പുതിയ മോസിലോസ്കോപ്പിൻറെ ബില്ല് കണ്ടെത്തി എന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വാദം തെറ്റെന്ന് വ്യക്തമാകുന്ന രേഖ റിപ്പോർട്ടറിന് കിട്ടി. ഉപകരണങ്ങൾ നന്നാക്കാൻ കൊടുത്ത സ്ഥാപനം തിരിച്ചു നൽകിയ ഡെലിവറി ചലാനാണ് ബില്ലെന്ന തരത്തിൽ പുറത്തുവന്നത്.
ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം അവിടെ കണ്ടെത്തിയെന്നുമായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഹാരിസിന്റെ മുറിയിൽ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തിയെന്നും എന്നാൽ ഇക്കാര്യത്തിൽ വ്യക്തത കുറവുണ്ടെന്നും പ്രിൻസിപ്പൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
Content Highlights: owner of Vyttila Capsule Global Solutions says that a new musculoscope has not been provided to Thiruvananthapuram Medical College