
ആലപ്പുഴ: ചേര്‍ത്തല തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. പ്രതി സെബാസ്റ്റ്യന്‍റെ വീട്ടിന്റെ അടുപ്പില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ ലേഡീസ് വാച്ചിന്റെ ഭാഗം കണ്ടെത്തി. സെബാസ്റ്റ്യന്റെ വീട്ടിലെ ഇന്നത്തെ പരിശോധന അവസാനിച്ചു. ഐഷ തിരോധാന കേസിലും പരിശോധന നടക്കുകയാണ്. ഗ്രൗണ്ട് പെനട്രേറ്റ് റഡാര്‍ ഉപയോഗിച്ച് ഐഷയുടെ വീടിനു സമീപത്തും പരിശോധിക്കും.
നിലവില്‍ ഐഷയുടെ അയല്‍വാസി റോസമ്മയുടെ വീട്ടില്‍ പരിശോധന നടക്കുകയാണ്. റോസമ്മയുടെ പറമ്പിലും 40 സെന്റ് ഭൂമിയിലുള്ള കോഴി ഫാമിലുമാണ് പരിശോധന. ഐഷയും സെബാസ്റ്റ്യനും സ്ഥലം വില്‍പ്പനയുമായി വീട്ടിലെത്തിയെന്ന റോസമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പരിശോധന. 40 സെന്റ് ഭൂമി അനുമതിയില്ലാതെ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കിയെന്നും ഐഷയെ കാണാതായ ശേഷവും ഐഷയുടെ ഫോണ്‍ കോള്‍ വന്നെന്നും റോസമ്മ പറഞ്ഞിരുന്നു. നിലവില്‍ റോസമ്മയെ ചോദ്യം ചെയ്യുകയാണ്.
'അന്വേഷണത്തിന്റെ ഭാഗമായി എന്നോട് ഒന്നും ഇതുവരെ ചോദിച്ചില്ല. ഐഷയെയും സെബാസ്റ്റ്യനെയും അറിയാമോയെന്ന് ചോദിച്ചതല്ലാതെ ഒന്നും ചോദിച്ചില്ല. 2012ലാണ് ഐഷയെ കാണാനില്ലെന്ന് പറഞ്ഞത്. എന്നാല്‍ ഞാന്‍ സ്ഥലം വാങ്ങിക്കുന്നത് 2016ലാണ്. സ്ഥലം മേടിച്ച് കഴിഞ്ഞാണ് ജെസിബി ഉപയോഗിച്ച് അവര്‍ സ്ഥലം തെളിച്ചത്. അന്ന് അവര്‍ രണ്ട് പേരുമുണ്ടായിരുന്നു. ഐഷയും സെബാസ്റ്റ്യനും തമ്മില്‍ എന്താണ് ബന്ധമെന്ന് എന്നറിയില്ല', റോസമ്മ പറഞ്ഞു.
എന്നാല്‍ റോസമ്മയുടെ കോഴിഫാമിനെ ചുറ്റിപ്പറ്റിയും ദുരൂഹത നിലനില്‍ക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം കോഴിഫാം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ കോഴി ഫാമിന് ലൈസന്‍സില്ലാത്തത് കൊണ്ടാണ് പ്രവര്‍ത്തിപ്പിക്കാത്തതെന്നാണ് റോസമ്മ പറയുന്നത്. ഐഷയെ കാണാതായതിന് ശേഷമാണ് ഫാം വിറ്റതെന്നും റോസമ്മ പറയുന്നു.
Content Highlights: Sebastian case part of ladies watch found at his home