
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് താൽക്കാലികമായി നിർത്താൻ നിർദേശിച്ച ഹൈക്കോടതി ഉത്തരവിനോട് പ്രതികരിച്ച് വി എസ് സുനില്‍കുമാര്‍. മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാതയിലെ അടിപ്പാത നിര്‍മാണം നടക്കുന്നത് മൂലമാണ് ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് നിര്‍ത്തി വയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. നിയമപ്രകാരം, ടോള്‍ കൊടുക്കുമ്പോള്‍ സൗകര്യമുള്ള റോഡിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്, എന്നാല്‍ യാതൊരു സൗകര്യവുമില്ലാത്ത റോഡില്‍ സഞ്ചരിക്കാന്‍ ടോള്‍ കൊടുക്കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് വി എസ് സുനില്‍കുമാര്‍ റിപ്പോർട്ടറിനോട് പ്രതികരിച്ചു. വലിയ കുണ്ടുംകുഴികളും പ്രശ്‌നങ്ങളുമുള്ള റോഡിലൂടെയുള്ള സഞ്ചാരത്തിന് ടോള്‍ വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് ജില്ലാ ഭരണകൂടം ഉള്‍പ്പെടെ ആവശ്യപ്പെട്ടെങ്കിലും, കേന്ദ്ര സര്‍ക്കാരും നാഷണല്‍ ഹൈവേ അതോറിറ്റിയും കൂടെയുണ്ടെന്ന ധൈര്യത്തില്‍ ഭരണകൂടത്തിന്റെ വാക്കുകള്‍ക്ക് വില നല്‍കുന്നില്ലെന്നും വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി.
ടോള്‍ എന്ന് പറഞ്ഞ് വാങ്ങുന്നത് ചെറിയ തുകയല്ലെന്നും ഇടയ്ക്കിടെ വര്‍ധിപ്പിച്ച് ഇപ്പോള്‍ വലിയ തുകയാണ് ഈടാക്കുന്നതെന്നും ഇത്രയും തുക വാങ്ങുന്നവര്‍ തീര്‍ച്ചയായും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുക്കണമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ മുടക്കിയതിന്റെ എത്രയോ ഇരട്ടി ലാഭം ഹൈവേ അതോറിറ്റിക്ക് ലഭിച്ചു, അതിനാല്‍ തന്നെ എന്നെന്നേക്കുമായി ടോള്‍ പിരിവ് നിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍കുമാര്‍ പങ്കുവെച്ചു.
യാത്രക്കാരന്റെ സമയത്തിനോ, ജീവനോ, സുരക്ഷയ്‌ക്കോ വിലയില്ലാത്ത റോഡിന് എന്തിന് ടോള്‍ കൊടുക്കണമെന്നും വിഎസ് സുനില്‍കുമാര്‍ ചോദിച്ചു. നാല് ആഴ്ച്ചകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
അൽപം മുൻപായിരുന്നു പാലിയേക്കര ടോള്‍ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി.
പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്താണ് ഹർജി നൽകിയത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. ഗതാഗത കുരുക്കും രൂക്ഷമാണ്.
ദേശീയ പാതയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്.
Content Highlight; High Court Halts Toll Collection at Paliyekkara; Sunil Kumar's reaction