
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ശശി തരൂരുമായി കൂടിക്കാഴ്ച്ച നടത്തി സണ്ണി ജോസഫ്. ഇന്നലെ വൈകീട്ടായിരുന്നു ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തിയത്. ശശി തരൂരുമായി നടത്തിയ കൂടിക്കാഴ്ച്ച പോസിറ്റീവായിരുന്നു എന്നാണ് സണ്ണി ജോസഫ് വ്യക്തമാക്കിയത്. പുനഃസംഘടനയ്ക്ക് ശശി തരൂര്‍ എല്ലാ പിന്തുണയും, സഹകരണവും വാഗ്ധാനം ചെയ്തിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
എം കെ രാഘവന്‍, കോടിക്കുന്നില്‍ സുരേഷ് എന്നീ നേതാക്കളുമായും സണ്ണി ജോസഫ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, ആന്റോ ആന്റണിയും തമ്മിലും ചര്‍ച്ചകള്‍ നടന്നിരുന്നു. രമേശ് ചെന്നിത്തല, കൊടിക്കുന്നേല്‍ സുരേഷ് കൂടിക്കാഴ്ച്ചയും നടന്നിരുന്നു. കെപിസിസിയില്‍ ജംബോ കമ്മിറ്റി സാധ്യതയുമുണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.
പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും, രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച്ച നടത്തും. സണ്ണി ജോസഫും ദീപ ദാസ് മുന്‍ഷിയുമാണ് കൂടിക്കാഴ്ച്ച നടത്തുക. പുനഃസംഘടന പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നേ ദേശിയ നേതൃത്വവുമായി ചര്‍ച്ച നടത്തുക എന്ന ഉദ്ദേശത്തോടെയാണ് കൂടിക്കാഴ്ച്ച. ഒന്‍പത് ഡിസിസി അധ്യക്ഷന്മാര്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. എന്നാല്‍ മാറ്റം വരുത്താന്‍ പോകുന്ന ഒന്‍പത് പേരില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുടെ പേരുണ്ടാകരുത് എന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ അധ്യക്ഷന്മാരില്‍ മാറ്റമുണ്ടാകില്ല എന്നാണ് സൂചനകള്‍.
Content Highlight; KPCC Reorganization: Marathon Meetings Held in Delhi