
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ രീതിയില്‍ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ ഇല്ലെന്ന വെളിപ്പെടുത്തലില്‍ ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിഎംഇയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹാരിസ് ചട്ടലംഘനം നടത്തിയതായി നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍നടപടികളുടെ ഭാഗമായാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
വെളിപ്പെടുത്തലിന് ഇടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഹാരിസ് ചിറക്കല്‍ ശ്രമിച്ചതായി കാരണം കാണിക്കല്‍ നോട്ടീസില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രോബ് ഇല്ലെന്ന് പറഞ്ഞ് ശസ്ത്രക്രിയകള്‍ മുടക്കിയെന്നും എന്നാല്‍ ശസ്ത്രക്രിയ മുടക്കിയ ദിവസം പ്രോബ് ഉണ്ടായിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു. അതേസമയം, വിശദീകരണം എന്ന് നല്‍കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 28നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം വെളിപ്പെടുത്തി ഡോ. ഹാരിസ് ചിറക്കല്‍ രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണ്. മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണ്. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹാരിസ് ചിറക്കല്‍ ഫേസ്ബുക്ക് പോസ്റ്റ് വലിച്ചു. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണ ക്ഷാമമുണ്ടെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇതിന് പിന്നാലെ ഡോ. ഹാരിസ് ചിറക്കലിനെ തള്ളി ഡിഎംഇ രംഗത്തെത്തി. സംവിധാനത്തെയാകെ നാണംകെടുത്താനുള്ള പോസ്‌റ്റെന്നായിരുന്നു ഡിഎംഇ പറഞ്ഞത്.
ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിന് വലിയ തിരിച്ചടി നല്‍കുന്നതായിരുന്നു. ആദ്യം ഹാരിസ് ചിറക്കലിന് അനുകൂല നിലപാട് സ്വീകരിച്ച ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പിന്നീട് നിലപാട് മാറ്റി. ഡോ. ഹാരിസ് ചിറക്കലിനെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോള്‍ മെഡിക്കല്‍ കോളേജില്‍ അങ്ങനെയൊരു പ്രതിസന്ധിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആശുപത്രിയില്‍ ഉപകരണങ്ങള്‍ എത്തിക്കുകയും മുടങ്ങിയ ശസ്ത്രക്രിയകള്‍ നടക്കുകയും ചെയ്തിരുന്നു. ഡോ. ഹാരിസ് ചിറക്കലിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി വൈകിപ്പിക്കുകയായിരുന്നു.
Content Highlights- DME sent show cause notice to dr haris chirakkal on his fb post about tvm medical college issue