'വെളിപ്പെടുത്തലിൻ്റെ പേരിൽ എന്ത് ശിക്ഷ ഏറ്റെടുക്കാനും തയ്യാർ, എനിക്ക് ഭയമില്ല'; ഡോ. ഹാരിസ് ചിറക്കൽ

എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞെന്നും ഡോ. ഹാരിസ് ചിറക്കൽ

dot image

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ തനിക്ക് ഭയമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ. ഈ ജോലി പോയാൽ വേറൊരു ജോലി തനിക്ക് കിട്ടും. പക്ഷെ താൻ സർക്കാർ ജോലി തന്നെ തിരഞ്ഞെടുത്തത് ജനങ്ങൾക്ക് സേവനം ചെയ്യാമെന്നുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുകയാണെന്നും എല്ലാ ചുമതലകളും അടുത്തയാൾക്ക് കൈമാറിക്കഴിഞ്ഞെന്നും ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.

വിദഗ്ധ സമിതിക്ക് മുൻപാകെ തൻ്റെ ആരോപണങ്ങളിൽ എല്ലാ തെളിവുകളും നൽകിയെന്നും ഡോ. ഹാരിസ് പറഞ്ഞു. സഹപ്രവർത്തകരുടെ മൊഴി തനിക്ക് അനുകൂലമാണ്. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

തൻ്റെ തുറന്നുപറച്ചിൽ പ്രയോജനം ചെയ്തുവെന്നും ഡോ. ഹാരിസ് പറഞ്ഞു. രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് തനിക്കുള്ള സമ്മാനമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി. താൻ സ്വീകരിച്ച മാർഗം സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായത് കണ്ടപ്പോൾ തനിക്ക് വേദനിച്ചുവെന്നും ഡോ. ഹാരിസ് തുറന്നുപറഞ്ഞു. തന്റെ കയ്യിൽനിന്നും തെറ്റുപറ്റിയിട്ടുണ്ട്. വേറെ മാർഗ്ഗമില്ലാതെയാണ് പോസ്റ്റിട്ടത്. സർക്കാരിനെയോ ആരോഗ്യവകുപ്പിനെയോ ഒരു പോസ്റ്റിൽപോലും കുറ്റപ്പെടുത്തിയിട്ടില്ല. പക്ഷെ വിഷയത്തിന് കൂടുതൽ മാനങ്ങൾ ഉണ്ടായി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സിപിഐഎമ്മും എന്നും തനിക്കൊപ്പം നിന്നിട്ടുള്ളവരാണ്. അവർക്കെതിരെ പോസ്റ്റ് ഉപയോഗിക്കപ്പെടുന്നത് കണ്ടപ്പോൾ തനിക്ക് വേദനിച്ചുവെന്നാണ് ഡോ ഹാരിസ് പറഞ്ഞത്.

അതേസമയം, ഡോ. ഹാരിസ് ചിറക്കൽ ഉയർത്തിയ ആരോപങ്ങളെ പൂർണമായും ശരിവെക്കുന്നതാണ് ആരോഗ്യ വകുപ്പ് നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. 'സിസ്റ്റത്തിന് പ്രശ്‌നംമുണ്ട്' എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് കൈമാറും.

വിദ്യാര്‍ത്ഥിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ഹാരിസ് ഉന്നയിച്ചത് വസ്തുതകള്‍ ആണെന്നും ശസ്ത്രക്രിയ ഉപകരണങ്ങള്‍ സമയത്ത് ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. അതേസമയം തന്നെ ഇതിന് മുമ്പ് ഉപകരണങ്ങളുടെ കുറവ് മൂലം ശസ്ത്രക്രിയ മുടങ്ങിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഡോ. ഹാരിസിൻ്റേത് സർവീസ് ചട്ടലംഘനമാണെന്നും സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസ് മാധ്യമങ്ങളോട് സംസാരിച്ചത് തെറ്റാണെന്ന് ചൂണ്ടികാട്ടിയെങ്കിലും ഫേസ്ബുക്ക് കുറിപ്പിനെക്കുറിച്ച് പരാമര്‍ശമില്ല. ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ അന്വേഷണ പരിധിയില്‍ ഇല്ലെന്നാണ് സമിതി വൃത്തങ്ങള്‍ അറിയിച്ചത്. സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിശോധിക്കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഡോക്ടര്‍ ചൂണ്ടികാട്ടിയ എല്ലാ പരാതികളിലും വസ്തുതയില്ലെന്നും ചില പരാതികളില്‍ കാര്യമുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രാഥമിക റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പാണ് യൂറോളജിയുടേത്. ആഴ്ചയില്‍ ആറ് ദിവസവും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയകള്‍ വരെ ഇവിടെ നടക്കുന്നുണ്ട്. ഉപകരണങ്ങള്‍ വാങ്ങുന്ന പ്രക്രിയ ഏറെ സങ്കീര്‍ണ്ണമാണ്. നടപടിക്രമങ്ങളിലെ നൂലാമാലകള്‍ ഒഴിവാക്കണം. ഇതില്‍ അടിയന്തിരമായി മാറ്റം വേണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പര്‍ച്ചേഴ്‌സ് നടപടികള്‍ സങ്കീര്‍ണ്ണമാണെന്നും ലളിതമാക്കണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉപകരണങ്ങള്‍ എത്താന്‍ കാലതാമസം ഉണ്ടാകുന്നുണ്ട്. സുപ്രണ്ടുമാര്‍ക്കും പ്രിന്‍സിപ്പാള്‍മാര്‍ക്കും കൂടുതല്‍ സാമ്പത്തിക അധികാരം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

Content Highlights: Dr Haris Chirakkal says he is ready to take all risks and punishment

dot image
To advertise here,contact us
dot image