
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക് അവസാനമായി വി എസ് എത്തിയത്.
വലിയ ജനക്കൂട്ടമാണ് വി എസിനെ കാണാന്‍ വീട്ടിലൊഴുകിയെത്തിയത്. വി എസിന്റെ ഭൗതികശരീരം ആലപ്പുഴയുടെ അതിര്‍ത്തി കടന്നത് മുതല്‍ മുദ്രാവാക്യ വിളികളാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മനുഷ്യര്‍ വി എസിനെ കാണാന്‍ കാത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രി തന്നെ മകള്‍ ആശയോടൊപ്പം വി എസിന്റെ പങ്കാളി വസുമതി ആലപ്പുഴയിലെ വീട്ടിലെത്തിയിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ജി സുധാകരന്‍, മന്ത്രിമാരായ ആര്‍ ബിന്ദു, സജി ചെറിയാന്‍, കൃഷ്ണന്‍കുട്ടി, മുസ്ലിം ലീഗ് നേതാക്കളായ കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, ആർഎസ്പി നേതാവ് പ്രേമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ നേരത്തെ വീട്ടിലെത്തിയിരുന്നു.
വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും റീക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് വിപ്ലവ മണ്ണായ ആലപ്പുഴ ചുടുകാടില്‍ വി എസിന് അന്ത്യവിശ്രമം ഒരുക്കും.
Content Highlights: VS Achuthanandan s body brought to his Velikkakath house in Alappuzha