
കൊച്ചി: പോരാട്ടവീര്യത്തിന് പ്രായം തടസമാകില്ല എന്ന് തെളിയിച്ചുകൊണ്ടാണ് വിഎസ് മടങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷമായിരുന്നയാളാണ് അദ്ദേഹം. ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്തില്ല. കേരളത്തിലെ ഭൂമിപ്രശ്‌നങ്ങളിൽ നിരന്തരം ഇടപെട്ട്, സാധാരണ കമ്മ്യൂണിസ്റ്റുകാർ സഞ്ചരിക്കാത്ത പ്രത്യേക വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. അതുകൊണ്ടാണ് വിഎസിന്റെ യാത്ര വ്യത്യസ്തമാകുന്നത് എന്നും സതീശൻ പറഞ്ഞു.
വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലെ എട്ട് മന്ത്രിമാർക്കെതിരെ താൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കഴമ്പുണ്ടെന്ന് കണ്ടാൽ അദ്ദേഹം അവ കാര്യത്തിലെടുക്കും. നെടുമ്പാശ്ശേരി ഭൂമി വിവാദത്തിൽ ഉടനടിയാണ് അദ്ദേഹം കാര്യങ്ങൾ നീക്കിയത്. ലോട്ടറി വിവാദത്തിലും പ്രതിപക്ഷ ആരോപണങ്ങൾക്ക് വിഎസിന്റെ പിന്തുണയുണ്ടായിരുന്നു. സാധാരണയായി രാഷ്ട്രീയ വാദപ്രതിവാദങ്ങൾ എവിടെയും എത്താതെ പോകുകയാണ് പതിവ്. എന്നാൽ ലോട്ടറി വിവാദത്തിൽ വിഎസ് കർശന നടപടിയെടുത്തുവെന്നും സതീശൻ കൂട്ടിച്ചേർത്തു. നിലപാടുള്ള ആളായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ വിഎസ് പ്രത്യേകമായി അടയാളപ്പെട്ടു കഴിഞ്ഞുവെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.
വി എസിന്റെ ഭൗതിക ശരീരം നിലവിൽ ദര്‍ബാര്‍ ഹോളിൽ പൊതുദര്‍ശനത്തിനെത്തിച്ചിരിക്കുകയാണ്. പി ബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.
Content Highlights: vd satheesan says VS made age just a number