
വിഎസ് എന്നാൽ ജനപ്രിയം എന്നുകൂടി അർത്ഥമാക്കാം. സാധാരണക്കാരുടെ പ്രശ്‌നത്തിൽ മുൻ നിരയിൽ നിന്ന് പോരാടിയ വിഎസ് അച്യുതാനന്ദൻ മാധ്യമങ്ങൾക്കും ജനപ്രിയ കലാരൂപങ്ങൾക്കും പ്രിയപ്പെട്ടനായിരുന്നു. മിമിക്രി വേദികളിൽ വിഎസിന്റെ രൂപവും വേഷവും അനുകരിക്കപ്പെട്ടും, സിനിമകളിലും പല വിഎസിന്റെ രൂപ ഭാവങ്ങൾ ഉൾക്കൊണ്ട് കഥാപാത്രങ്ങൾ ഉണ്ടായി. സമരമുഖത്തെ ജനകീയനായ ഈ സഖാവ് ഒരിക്കൽ സിനിമ നടനുമായി.
2016 ലായിരുന്നു വിഎസിന്റെ സിനിമാ അഭിനയത്തിന് വഴിയൊരുങ്ങിയത്. കണ്ണൂർ കൂത്തുപറമ്പിലെ ദൃശ്യ ആർട്സ് നിർമിച്ച ക്യാംപസ് ഡയറി എന്ന ചിത്രത്തിലായിരുന്നു വിഎസ് അഭിനയിച്ചത്. വിനീഷ് പാലയാട് കഥയും തിരക്കഥയും എഴുതി ജീവൻദാസ് ആണ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ വിഎസ് അച്യുതാനന്ദൻ ആയിട്ട് തന്നെയായിരുന്നു വിഎസ് എത്തിയത്.
സിനിമ സംസാരിച്ച വിഷയം തന്നെയായിരുന്നു സിനിമയിൽ അഭിനയിക്കാൻ വിഎസിനെ കൊണ്ട് സമ്മതിപ്പിച്ച ഘടകം. കേരളം നേരിടുന്ന അതിരൂക്ഷമായ ശുദ്ധജലക്ഷാമത്തിന്റെ പ്രശ്‌നമായിരുന്നു സിനിമ പറഞ്ഞത്. പ്ലാച്ചിമടയിലെ ജലചൂഷണവും അനുബന്ധ സാമൂഹ്യപ്രശ്‌നങ്ങളും കേരള സമൂഹം സജീവമായി ചർച്ച ചെയ്തുകൊണ്ടിരുന്ന സന്ദർഭം കൂടിയായിരുന്നു ഇത്. ഇതിന് സമാനമായ രംഗമായിരുന്നു സിനിമയിൽ ഉണ്ടായിരുന്നു.
കണ്ണൂർ പശ്ചാത്തലമായി എത്തിയ സിനിമയിൽ ബഹുരാഷ്ട്ര കുത്തക കമ്പനി നടത്തുന്ന ജലചൂഷണത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടത്തുന്നതും പിന്നീട് ഈ സമരത്തിൽ വിഎസ് എത്തുന്നതുമായിരുന്നു കഥ. ബഹുരാഷ്ട്ര കുത്തക കമ്പനി കണ്ണൂരിലെ കാലിക്കടവ് എന്ന ഗ്രാമത്തിൽ വ്യവസായാവശ്യത്തിനായി വെള്ളം ഊറ്റിയെടുക്കുന്നതിനെ തുടർന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സമരം നടക്കുന്നു.
സമരം ദിവസങ്ങളോളം നീളുന്നു. സമരങ്ങളുടെ ഗൗരവം വാർത്തകളിൽ നിന്നു മനസിലാക്കിയ വി എസ് അച്യുതാനന്ദൻ സമരവേദിയിലെത്തുന്നു. വിദ്യാർത്ഥികൾ നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ പന്തലിലേക്കു വരുന്നതിനുമുമ്പ് വി എസ് കമ്പനി അധികൃതരുമായി സംസാരിച്ച് സമരം അവസാനിപ്പിക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ കമ്പനിയെക്കൊണ്ട് എടുപ്പിക്കുന്നുണ്ട്. ഈ കാര്യം സമര പന്തലിലെത്തി വിദ്യാർത്ഥികളെ നേരിട്ട് വിഎസ് അറിയിക്കുന്നതുമായിട്ടായിരുന്നു സിനിമയിൽ ഉണ്ടായിരുന്നത്.
വി എസ് സമരവേദിയിലേക്ക് എത്തുന്നുണ്ടെന്ന അറിയിപ്പ് വിദ്യാർത്ഥികളിൽ ആവേശം ഉണ്ടാക്കുകയും സമരപന്തലിൽ എത്തിയ വിഎസ്, ജലചൂഷണം നടത്തിയിരുന്ന കമ്പനി അതവസാനിപ്പിച്ച് പ്രദേശവാസികൾക്ക് വെള്ളം ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സമ്മതിച്ചതായി വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്യും. ക്യാംപസ് ഡയറി എന്ന ചിത്രത്തിന്റെ അവസാന രംഗത്തായിരുന്നു ഇത്. ഒറ്റടേക്കിൽ തന്നെ സീൻ ഒക്കെയായിക്കിയ വിഎസ് പിന്നീട് തന്റെ രംഗങ്ങൾക്കായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. യഥാർത്ഥ ജീവിത്തിൽ നിരവധി ജനകീയ പ്രശ്‌നങ്ങളിലും സമരങ്ങളിലും പങ്കെടുത്ത വിഎസ് അങ്ങനെ സിനിമയിലും ഒരു ജനകീയ സമരത്തിൽ പങ്കെടുത്തെന്ന് പറയാം.
Content Highlights: VS Achuthanandan also acted in the movie Campus diary