
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ വി എസ് സുനിൽ കുമാർ. വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള രസകരമായ അനുഭവവും സുനിൽ കുമാർ റിപ്പോർട്ടറിനോട് പങ്കുവെച്ചു.
'എനിക്കേറ്റവും രസകരമായ സംഭവമുണ്ട്. സഭയ്ക്കകത്ത് ഞങ്ങൾ അന്നത്തെ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അന്നദ്ദേഹം പ്രതിപക്ഷ നേതാവാണ്. അദ്ദേഹം എന്നെ വിളിച്ചിട്ട് സ്വന്തം കൈപ്പടയിലെഴുതിയ മുദ്രാവാക്യം കാണിച്ചുപറഞ്ഞു, ഇത് ആ മുഖ്യമന്ത്രിയുടെ മുഖത്തേക്ക് വിരൽചൂണ്ടിക്കൊണ്ട് വിളിക്കെടോ എന്ന്. അതെനിക്ക് വലിയ അത്ഭുതമായിരുന്നു. ആര് എന്ത് പറയുന്നുവെന്നതൊന്നും അദ്ദേഹത്തിനൊരു പ്രശ്നമേ ആയിരുന്നില്ല, നിലപാടിൽ ഉറച്ചുനിൽക്കും. ഞാൻ സിപിഐയുടെ ആളായിരുന്നെങ്കിലും എന്നെയങ്ങനെയല്ല അദ്ദേഹം കണ്ടിരുന്നത്. അത് കമ്മ്യൂണിസ്റ്റ് ബോധമാണ്. വിഎസിനെ പറ്റി ഓർക്കുമ്പോൾ വരുന്നത് നിലപാടുകളാണ്, സമരങ്ങളാണ്', സുനിൽ കുമാർ പറഞ്ഞു.
പ്രതിപക്ഷ നേതാവായി ഇരിക്കുമ്പോഴും മുഖ്യമന്ത്രിയായിരിക്കുമ്പോഴും കാവലായി ഒരാളുണ്ടെന്ന് ജനങ്ങളെക്കൊണ്ട് ചിന്തിപ്പിച്ച നേതാവാണ് വിഎസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.
വി എസിന്റെ ഭൗതിക ശരീരം നിലവിൽ ദർബാർ ഹോളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പി ബി അംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എം എ ബേബി, എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ ദർബാർ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം കൊണ്ടുപോകും.
Content Highlights: vs sunil kumar condoles demise of vs achuthanandan