
യുഎഇയിൽ ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 32,000-ത്തിലധികം വിസാ നിയമലംഘകരെ പിടികൂടിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. രാജ്യത്ത് വിദേശികളുടെ താമസവും ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് വർദ്ധിപ്പിക്കുന്നതിനായി പരിശോധന കാമ്പയിൻ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വിസാ നിയമലംഘനത്തിൽ പിടിയിലായവരിൽ ഒരു സംഘത്തെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുന്നതിന് മുന്നോടിയായി തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് ഐസിപി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു. നിയമലംഘകരുടെ എണ്ണം കുറയ്ക്കുന്നതിനും യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനുമാണ് ഈ പരിശോധനാ കാമ്പയിനുകൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം, 2024 സെപ്റ്റംബർ 1 മുതൽ ഡിസംബർ 31 വരെ നാല് മാസക്കാലം നീണ്ടുനിന്ന വിപുലമായ വിസ പൊതുമാപ്പ് പദ്ധതി യുഎഇ നടപ്പിലാക്കിയിരുന്നു. യഥാർത്ഥത്തിൽ ഒക്ടോബർ 31ന് അവസാനിക്കാൻ നിശ്ചയിച്ചിരുന്ന ഈ പദ്ധതി, വിസാ നിയമലംഘകർക്ക് വീണ്ടും പ്രവേശന വിലക്കില്ലാതെ രാജ്യം വിടാനോ അല്ലെങ്കിൽ ഒരു പുതിയ തൊഴിൽ കരാർ നേടി യുഎഇയിൽ നിയമപരമായി തുടരാനോ അവസരം നൽകുന്നതിനായി 60 ദിവസം കൂടി നീട്ടി നൽകുകയായിരുന്നു.
Content Highlights: Over 32,000 visa violators recorded in first half of 2025