'നീതി ലഭിക്കും വരെ അവൾക്കൊപ്പം', സ്ത്രീപക്ഷ നിലപാടായിരുന്നു വിഎസിന്റേത്; ദീദി ദാമോദരൻ

പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ - അതാണ് വി.എസ്സ്

dot image

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ച് ദീദി ദാമോദരൻ. പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ ആയിരുന്നു വി എസ് എന്ന് ദീദി ദാമോദരൻ പറഞ്ഞു. 2017 ൽ സിനിമയിലെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ അനാരോഗ്യം മറന്നും "അവൾക്കൊപ്പം" എന്ന പോരാട്ടത്തിൽ വി.എസ്സ് തങ്ങൾക്കൊപ്പം നിന്നു. 'നീതി ലഭിക്കും വരെ അവൾക്കൊപ്പം' എന്ന നിലപാടായിരുന്നു വി എസിന്റേതെന്നും ദീദി ദാമോദരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

നീതി തേടി തെരുവിലിറങ്ങുന്ന പെൺപോരാട്ടങ്ങൾക്കൊപ്പം വരുംവരായ്കകൾ നോക്കാതെ നിൽക്കാൻ തയ്യാറുള്ള , പെൺപ്രശ്നങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന ആണൊരുത്തൻ - അതാണ് വി.എസ്സ്. അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ല.

2017 ൽ സിനിമയിലെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ അനാരോഗ്യം മറന്നും "അവൾക്കൊപ്പം" എന്ന പോരാട്ടത്തിൽ വി.എസ്സ് ഞങ്ങൾക്കൊപ്പം നിന്നു. കറകളഞ്ഞ നിലപാടായിരുന്നു : "ഇരയാക്കപ്പെട്ട സഹോദരിക്ക് ഒപ്പമല്ല കേരളത്തിലെ ചില രാഷ്ട്രീയക്കാരും,സിനിമാ പ്രവർത്തകരും വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത് . പക്ഷേ ഞാൻ നിലകൊള്ളുന്നത് ഇരയ്ക്കോപ്പം തന്നെയായിരിക്കും നീതി ലഭിക്കും വരെ അവൾക്കൊപ്പമാണ് ഞാൻ".

സൂര്യനെല്ലിക്കേസിൽ, ഐസ്ക്രീം പാർലർ പെൺവാണിഭക്കേസ്സിൽ, കവിയൂർ കിളിരൂർ കേസിൽ ഒക്കെ ആ നിശ്ചയദാർഢ്യം പൊരുതുന്ന സ്ത്രീകൾ തിരിച്ചറിഞ്ഞതാണ്. മുന്നാറിലെ തേയിലത്തോട്ടങ്ങളിലെ കോടമഞ്ഞിൽ ഉണർന്ന പൊമ്പിളൈ ഒരുമൈ തെരുവിലേക്കിറങ്ങി നിന്ന രാത്രിയിൽ വി.എസ്സിൻ്റെ വരവ് ഒരു ചരിത്ര സംഭവമായിരുന്നു. നിരാലംബരായ നഴ്സുമാർ വേതനനീതിക്കായി പൊരിവെയിലിൽ തെരുവിലിറങ്ങിയപ്പോഴും കക്ഷിരാഷ്ട്രീയത്തിൻ്റെ ഹൃസ്വദൃഷ്ടികൾ വക വയ്ക്കാതെ ഒപ്പം നിൽക്കാൻ വി.എസ്സുണ്ടായിരുന്നു .
ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്.

തോൽവിയുടെ നെല്ലിപ്പടിയിൽ നിൽക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടർചലനമായത് കൊണ്ടാണ് . ജീവിയ്ക്കുവാനും പിടിച്ചു നിൽക്കാനുമുള്ള പ്രചോദനമായിരുന്നു അതെന്നും.

ലാൽസലാം സഖാവേ

ഇന്നലെ ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: deedi damodaran About v s achuthanandan

dot image
To advertise here,contact us
dot image