കൂട്ടക്കൊലകൾക്ക് നേതൃത്വംനൽകിയ കമ്മ്യൂണിസ്റ്റ് തീവ്രവാദി:വിഎസിനെ അധിക്ഷേപിച്ച് ജമാഅത്തെ ഇസ്‌ലാമിനേതാവിൻ്റെ മകൻ

ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു

dot image

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്‌ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെതിരെ പരാതി. ഡിവൈഎഫ്‌ഐയാണ് മലപ്പുറം വണ്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ കമ്മ്യുണിസ്റ്റ് തീവ്രവാദി വി എസ് കേരളം ഇസ്ലാമിക രാജ്യമാകാന്‍ കാത്തുനില്‍ക്കാതെ പടമായെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്. ശ്വാസമുണ്ടെങ്കിലും ശ്വാസം നിലച്ചാലും വര്‍ഗീയവാദി വര്‍ഗീയവാദി തന്നെയാണെന്നും ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു.

വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകനെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്. പിന്നാലെ അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ രംഗത്തെത്തി. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്‌പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരം പകര്‍ന്നു നല്‍കുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.

അതേസമയം വി എസിന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനം ഉള്ളൂരിലെത്തിയിരിക്കുകയാണ്. ആയിരങ്ങളാണ് മുദ്രാവാക്യ വിളികളുമായി തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ തടിച്ചു കൂടിയിരിക്കുന്നത്. വലിയ ജനാവലിയാണ് വിലാപയാത്രയിലുട നീളം കാണാന്‍ സാധിക്കുന്നത്. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.

വി എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഇന്നലെ വൈകിട്ട് 3.20നായിരുന്നു വി എസിന്റെ മരണം സ്ഥിരീകരിച്ചത്.

Content Highlights: jamaat e islami leader hameed vaniyambalam son insults v s achuthanandan

dot image
To advertise here,contact us
dot image