
കൊല്ലം: വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച തേവലക്കര സ്‌കൂളിൽ നേരിട്ടെത്തി സന്ദർശനം നടത്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ധനമന്ത്രി കെ എൻ ബാലഗോപാലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മിഥുൻ പഠിച്ച ക്ലാസ് മുറി സന്ദർശിച്ച മന്ത്രിന്മാർ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് ലഭിക്കാൻ ഉണ്ടെന്നും മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങൾ തിരക്കുന്നുവെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ മിഥുനൊപ്പം ആയിരിക്കുമെന്ന് ഉറപ്പ് നൽകിയ മന്ത്രി, മുന്നൊരുക്കം നടത്താൻ തയ്യാറാകാത്തവർക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി. അതിൽ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാനേജ്മെൻ്റിനോട് നടപടി എടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുടുംബത്തെ സർക്കാർ സഹായിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. പൊറുക്കാൻ കഴിയാത്ത തെറ്റാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സ്കൂൾ തുറക്കുന്ന സമയത്ത് ഡി ഇ ഒ ആയ വ്യക്തിയോട് വിശദീകരണം തേടിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ പങ്കും പരിശോധിക്കും. ഇക്കാര്യം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായി. അത് പരിശോധിക്കുെന്ന് മന്ത്രി ഉറപ്പ് നൽകി. ഉണ്ടായ നഷ്ടം വലുതാണ്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ എൻ ബാലഗോപാലും പ്രതികരിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വി ശിവൻകുട്ടിക്കെതിരെ പ്രതിഷേധം ശക്തമാണ്. യൂത്ത് കോൺഗ്രസ് ആർവൈഎഫ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രതീഷ് കരിങ്കൊടി കാണിച്ചു. ആർവൈഎഫ് നേതാവ് ഉല്ലാസ് കോവൂരിന്റെ നേതൃത്വത്തിലും കരിങ്കൊടി പ്രതിഷേധമുണ്ടായി. അതിനിടെ മിഥുൻ്റെ കുടുംബത്തിന് കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കൈമാറി. അടുത്ത ദിവസം അഞ്ച് ലക്ഷം കൂടി നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ സുഹൃത്തിന്റെ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് മിഥുന് ഷോക്കേറ്റത്. സൈക്കിൾ ഷെഡ്ഡിന് മുകളിലേക്ക് താഴ്ന്നുകിടന്ന വൈദ്യുതി ലൈനിലേക്ക് മിഥുൻ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ കെഎസ്ഇബിയിൽ നിന്ന് അധികൃതർ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് മിഥുനെ താഴെയിറക്കി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. സുജ ജോലി ചെയ്യുന്ന വീട്ടുകാർ തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.
Content Highlights: Minister V Sivankutty Visit Thevalakara school, Kollam