
തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ ചുമതലയുള്ള എഇഒയില്‍ നിന്നും ഉടന്‍ വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുന്ന സമയത്ത് കൊല്ലത്തെ ഡിഇഒ പെന്‍ഷനായിരുന്നതിനാല്‍ എഇഒആന്റണി പീറ്ററിനായിരുന്നു ചുമതലയെന്നും അദ്ദേഹത്തില്‍ നിന്നും വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കും. പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്‌പെന്റ് ചെയ്യണം. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിര്‍മ്മിച്ചു നല്‍കും. ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയില്‍ മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഇക്കാര്യത്തിലെ നിലപാട് അറിയിക്കാന്‍ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.സ്‌കൂളിലെ സൈക്കിള്‍ ഷെഡ്ഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.
Content Highlights: School Student Midun Death headmistress will be suspended said sivan kutty