അങ്ങനെ പറയരുതായിരുന്നു; വിവാദ പരാമര്‍ശത്തിൽ തിരുത്ത്; മിഥുന്‍റെ വീട്ടിലെത്തി മന്ത്രി ജെ ചിഞ്ചുറാണി

ഓമനിച്ചുവളര്‍ത്തിയ മകനാണ്. അമ്മ വിദേശത്ത് നിന്നും നാളെയെത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാവുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

dot image

കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശം തിരുത്തി മന്ത്രി ജെ ചിഞ്ചു റാണി. പരാമര്‍ശം വേണ്ടിയിരുന്നില്ല. അങ്ങനെ പറയരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മരിച്ച പതിമൂന്നുകാരന്‍ മിഥുവിന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞ് ഷെഡ്ഡിന്റെ മുകളില്‍ കയറിയെന്നത് യാഥാര്‍ത്ഥ്യമാണ്. വന്നപ്പോള്‍ അവിടെ സൂംബ നടക്കുകയായിരുന്നു. അപ്പോള്‍ പങ്കാളിയായെന്നേയുള്ളൂ.വിവരം അറിഞ്ഞതേയുണ്ടായിരുന്നുള്ളൂവെന്നും ചിഞ്ചുറാണി പറഞ്ഞു. മന്ത്രിയുടെ പരാമര്‍ശം വിഷയം ലഘൂകരിച്ചുവെന്ന ആക്ഷേപത്തില്‍ മാധ്യമങ്ങള്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി.

കൂടുതല്‍ കാര്യം പറയുന്നില്ല. മിഥുനിന്റെ മുത്തശ്ശിയെ കണ്ടു. അമ്മ വിദേശത്താണ്. ഓമനിച്ചുവളര്‍ത്തിയ മകനാണ്. അമ്മ വിദേശത്ത് നിന്നും നാളെയെത്തും. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാവുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ നടന്ന സിപിഐ വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞു കയറിയതാണ്. സംഭവത്തില്‍ അധ്യാപകര്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്. മിഥുന്റെ മരണത്തില്‍ അധ്യാപകരെ കുറ്റം പറയാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തിൽ മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ നേരത്തെ സിപിഐ നേതൃത്വം നിലപാടെടുത്തിരുന്നു. ചിഞ്ചു റാണിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണിൽ വിളിച്ച് വിശദീകരണം തേടി. നിലപാട് തിരുത്തണമെന്നും സംസ്ഥാന സെക്രട്ടറി മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തെറ്റായിപ്പോയെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

ഒരു പയ്യന്റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണെന്നും ഇതിലാണ് കറണ്ടടിച്ചതെന്നും അപ്പോഴെ പയ്യന്‍ മരിച്ചെന്നും അത് അധ്യാപകരുടെ കുഴപ്പമല്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Minister J Chinju Rani corrected her controversial Statement in Midhun's death

dot image
To advertise here,contact us
dot image