വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 'നിലപാട് തിരുത്തണം', വിവാദ പരാമര്‍ശത്തിൽ ജെ ചിഞ്ചുറാണിയെ തള്ളി സിപിഐ

'നിലപാട് തിരുത്തണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു'

dot image

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തിൽ മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ സിപിഐ നേതൃത്വം. ചിഞ്ചു റാണിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഫോണിൽ വിളിച്ച് വിശദീകരണം തേടി. നിലപാട് തിരുത്തണമെന്ന് അദ്ദേഹം മന്ത്രിയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം തെറ്റായിപ്പോയെന്നാണ് സിപിഐയുടെ വിലയിരുത്തൽ.

അതേസമയം, സംഭവത്തിൽ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. താൻ പറഞ്ഞ പ്രസ്താവന ഒഴിവാക്കാമായിരുന്നവെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിക്കതിരായ ക്യാമ്പയിനിലാണ് താൻ പങ്കെടുത്തത്. അതിനുശേഷം ആണ് അപകടത്തെപ്പറ്റി അറിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബത്തിനൊപ്പമാണ് താൻ. അവർക്ക് വേണ്ട സഹായം സർക്കാർ ചെയ്യും. സ്കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കും.

മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതാണെന്നായിരുന്നു മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞത്. സംഭവത്തില്‍ അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചിരുന്നു. മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയെന്നും മന്ത്രി പറഞ്ഞിരുന്നു.

ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണെന്നും ഇതിലാണ് കറണ്ടടിച്ചതെന്നും അപ്പോഴെ പയ്യന്‍ മരിച്ചെന്നും അത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചത്.

സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. സംഭവത്തിൽ സ്കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. സുരക്ഷ പ്രോട്ടോകോൾ പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. പ്രധാനാധ്യാപികയ്ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം.

Content Highlights: cpi action on the reaction of chinchu rani for controversial remarks on kollam student death

dot image
To advertise here,contact us
dot image