'കുടുംബം ആരെയും കണ്ടിട്ടും സംസാരിച്ചിട്ടുമില്ല': വാര്‍ത്തകള്‍ തളളി തലാലിന്റെ സഹോദരന്റെ പോസ്റ്റ്

കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി

dot image

സനാ: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുള്‍ മഹ്ദിയുടെ പോസ്റ്റ്. നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി.

'ഞങ്ങള്‍ ഇതുവരെ ആരെയും കണ്ടിട്ടില്ല. ആരുമായും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തെറ്റായ വാര്‍ത്തകളും പച്ചക്കളളങ്ങളുമാണ്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ശിക്ഷ നടപ്പാക്കണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരളത്തിലെ മാധ്യമങ്ങള്‍, കുറ്റക്കാരിയായ നിമിഷപ്രിയയെ കുറ്റവാളിയെന്നതിനു പകരം പാവമെന്ന നിലയില്‍ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അവള്‍ നടത്തിയ ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം അവര്‍ ഒതുക്കുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ച് ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ്. കുറ്റവാളിയുടെ ശിക്ഷ നടപ്പിലാക്കണം. അത് ഞങ്ങളുടെ അവകാശമാണ്'- എന്നാണ് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇതോടൊപ്പം നിരവധി മാധ്യമ വാര്‍ത്തകളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലും നിമിഷപ്രിയയുടെ വധശിക്ഷയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഫത്താഹ് മഹ്ദി പറഞ്ഞിരുന്നു. 'അനുരഞ്ജന ശ്രമങ്ങളോടുളള ഞങ്ങളുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ദൈവത്തിന്റെ വിധിയാണ് കേസില്‍ നടപ്പാക്കേണ്ടത്. അതല്ലാതെ മറ്റൊരു ആവശ്യവുമില്ല. കുറ്റകൃത്യവും തുടര്‍ന്നുണ്ടായ നീണ്ടതും മടുപ്പിക്കുന്നതുമായ നിയമപ്രക്രിയയും ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. കുറ്റകൃത്യത്തെ ന്യായീകരിക്കാനും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കാനും സത്യത്തെ വളച്ചൊടിക്കാനുമുളള ഇന്ത്യന്‍ മാധ്യമങ്ങളുടെ ശ്രമം ദുഖമുണ്ടാക്കുന്നതാണ്. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയാണ് അവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്ത് കാരണത്തിന്റെ പേരിലായാലും ഇത്രയും വലിയ കൊലപാതകത്തെ ന്യായീകരിക്കാനാവില്ല. കൊലപാതകം നടത്തിയ ശേഷം ശരീരം വികൃതമാക്കി ഒളിപ്പിച്ചുവയ്ക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ല' എന്നാണ് അന്ന് സഹോദരന്‍ പറഞ്ഞത്.

അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സുഹൃദ് രാജ്യങ്ങളുടെ ഇടപെടലിന് ശ്രമിക്കുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്കുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യെമന്‍ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ യെമനിൽ ആരംഭിച്ചത്.

Content Highlights: 'The family has not seen or spoken to anyone': Talal's brother's facebook post denies the news

dot image
To advertise here,contact us
dot image