'പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫ് തീവ്രവാദ സംഘടന'; വിദേശ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു

dot image

വാഷിങ്ടണ്‍: ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ദ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) എന്ന സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ പ്രസ്തവാനയില്‍ വ്യക്തമാക്കി. ടിആര്‍എഫിനെ വിദേശ തീവ്രവാദ സംഘടനയായും (എഫ്ടിഒ) സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ് (എസ്ഡിജിടി) ആയും അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു.

'ഇന്ന് ടിആര്‍എഫിനെ എഫ്ടിഒ ആയും എസ്ഡിജിടിയായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിക്കുന്നു. 26 പേരെ കൊലപ്പെടുത്തിയ ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-ത്വൊയ്ബയുടെ ഭാഗമായുള്ള ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്. ലഷ്‌കര്‍-ഇ-ത്വൊയ്ബ 2008ല്‍ നടത്തിയ മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ ആക്രമണമായിരുന്നു പഹല്‍ഗാം ആക്രമണം. 2024ല്‍ നടന്ന പല ആക്രമണങ്ങള്‍ അടക്കം ഇന്ത്യന്‍ സുരക്ഷാ സേനയ്‌ക്കെതിരെയുള്ള പല ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്', പ്രസ്താവനയില്‍ പറയുന്നു.

തീവ്രവാദത്തിനെതിരെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിബദ്ധതയാണ് ഈ നടപടി തെളിയിക്കുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും പഹല്‍ഗാം ആക്രമണത്തിന് നീതി ലഭിക്കുന്നതിനുമുള്ള ട്രംപ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് ഇത് തെളിയിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി വകുപ്പ് 219, എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ 13224 എന്നിവ പ്രകാരമാണ് ടിആര്‍എഫിനെ തീവ്രവാദ സംഘടനയുടെ ഭാഗമാക്കിയത്.

കഴിഞ്ഞ മാസം ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് ഏഴിന് പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ നല്‍കിയ പേര്.

ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒന്‍പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യ ആക്രമണം നടത്തിയത്. ബഹാവല്‍പൂരിലെ ജയ്ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്കയിലെ ലഷ്‌കര്‍ ആസ്ഥാനവും തകര്‍ത്തിരുന്നു. നൂറിലധികം ഭീകരരെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരില്‍ വധിച്ചത്. ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു. യൂസഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസീര്‍ അഹമ്മദ് തുടങ്ങിയ ഭീകരരും ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടിരുന്നു. ഒടുവില്‍ ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറിലൂടെ ആക്രമണ-പ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.

Content Highlights: TRF behind Pahalgam attack US declained as Terrorist organization

dot image
To advertise here,contact us
dot image