
കൊച്ചി: ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമങ്ങൾ ഭൂമി, ദളിത്, മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കിയത് തട്ടിപ്പ് മാത്രമായിരുന്നുവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റി ഇത്തരം വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളെ വേഷം കെട്ടലുകൾ എന്നാണ് ദേശാഭിമാനിയുടെ എഡിറ്റ് പേജിൽ എഴുതിയ ജിഹാദിസ്റ്റുകളുടെ തനിനിറം എന്ന ലേഖനത്തിൽ എളമരം കരീം വിശേഷിപ്പിച്ചിരിക്കുന്നത്. പുരയ്ക്ക് മേൽ ചായുമെന്നായപ്പോൾ സോളിഡാരിറ്റിയെ നിശബ്ദമാക്കിയെന്നും എളമരം കരീം പരിഹസിക്കുന്നുണ്ട്.
നിഗൂഢമായ സംഘടനാ രൂപങ്ങളുണ്ടാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന രൂക്ഷവിമർശനം ലേഖനത്തിൽ എളമരം കരീം ഉന്നയിക്കുന്നുണ്ട്. ഈ നിഗൂഢ പ്രവർത്തനങ്ങളുടെ മാതൃകാരൂപമാണ് അവരുടെ മാധ്യമങ്ങൾ എന്നും കുറ്റപ്പെടുത്തലുണ്ട്. ഔദ്യോഗിക മത പ്രസിദ്ധീകരണം പ്രബോധനമാണ്. എന്നാൽ, തങ്ങളുടെ 'രാഷ്ട്രീയ ഇസ്ലാം' എന്ന ഒളിഅജൻഡ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളാണ് മാധ്യമം, മീഡിയാ വൺ മുതലായവയെന്നും ലേഖനം ആരോപിക്കുന്നു.
'ജമാഅത്തെ ഇസ്‌ലാമിയും അവരുടെ യുവജന- വിദ്യാർഥി സംഘടനകളും വേഷം മാറി പ്രവർത്തിക്കുന്ന സംഘടനകളും, മാധ്യമം, മീഡിയാ വൺ എന്നീ മാധ്യമങ്ങളും സി പിഐഎമ്മിനെയും എൽഡിഎഫിനെയും ലക്ഷ്യം വെച്ച് ഉറഞ്ഞുതുള്ളുകയാണെന്നും' ലേഖനത്തിൽ എളമരം കരീം ആരോപിക്കുന്നുണ്ട്. മാധ്യമം പത്രം സാധാരണ ബൂർഷ്വ പ്രചാരണ ആയുധം മാത്രമല്ല മതാധിഷ്ഠിതരാഷ്ട്രം ലക്ഷ്യംവയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ജിഹ്വയാണെന്നും വിമർശനമുണ്ട്. ഈ പ്രച്ഛന്നവേഷങ്ങളെല്ലാം രാജ്യത്ത് മതചേരി തിരിവ് സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്ന ആരോപണവും എളമരം കരീം മുന്നോട്ടു വെയ്ക്കുന്നു. ഹിന്ദുരാഷ്ട്രം എന്ന രാഷ്ട്രീയലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ആർഎസ്എസിനെ പോലെ തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. സൗകര്യത്തിനനുസരിച്ച് ഇസ്‌ലാമിന്റെ ആത്മീയ വ്യവഹാരങ്ങളെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ലക്ഷ്യമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന വിമർശനവും എളമരം കരീം ലേഖനത്തിൽ പങ്കുവെയ്ക്കുന്നുണ്ട്.
മുൻ എംഎൽഎ എൻ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ മീഡിയാ വൺ ചർച്ചയിൽ വളച്ചൊടിച്ചെന്നും ലേഖനത്തിൽ എളമരം കരീം കുറ്റപ്പെടുത്തുന്നുണ്ട്. 'മലപ്പുറത്ത് എൻഡിഎഫ് നടത്തിയ നികൃഷ്‌ടമായ ചെയ്തികളെക്കുറിച്ച് അന്നത്തെ വണ്ടൂർ എംഎൽഎ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്‌മിഷൻ വളച്ചൊടിച്ച് സിപിഐഎം മലപ്പുറം ജില്ലക്കാരെ അപമാനിച്ചെന്ന് വിളിച്ചുപറയാൻ മീഡിയാ വണ്ണിലെ ദാവൂദിന് ഒരു മടിയുമുണ്ടായില്ല' എന്നാണ് ലേഖനത്തിൽ കരീം കുറ്റപ്പെടുത്തിയിരിക്കുന്നത്. സത്യം പറഞ്ഞ് എതിരാളികളെ നേരിടാൻ കഴിയാത്തവരാണ് നുണകളെ ആശ്രയിക്കുന്നതെന്നും വിമർശനമുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ് കാലത്തെ നിലപാടുകളെയും ലേഖനത്തിൽ എളമരം കരീം വിമർശിക്കുന്നുണ്ട്. ഒരുകാലത്ത് സ്ഥാനാർഥികളുടെ ധാർമികത നോക്കി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്‌ലാമി എല്ലാ അധാർമികതകളുടെയും കൂടാരമായ യുഡിഎഫിൽ അഭയം തേടിയെന്ന വിമർശനമാണ് ഉയർത്തിയിരിക്കുന്നത്. രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളെ വർഗീയവൽക്കരിക്കാൻ സംഘപരിവാർ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി സംഘടനയായിരുന്ന സിമി (സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം ആവിഷ്‌കരിച്ചുവെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയെ ഛിന്നഭിന്നമാക്കാൻ ശ്രമിക്കുന്ന വിഘടനവാദികൾക്ക് വളം വയ്ക്കുകയായിരുന്നു സിമിയെന്നും ഉസാമ ബിൻലാദൻ ആയിരുന്നു സിമിയുടെ മാതൃകയെന്നും കുറ്റപ്പെടുത്തലുണ്ട്. സിമി ഇന്ത്യയിൽ നിരോധിക്കപ്പെട്ടെങ്കിലും തീവ്ര ഇസ്‌ലാമിസം പ്രമാണമായി അംഗീകരിച്ച തീവ്രവാദ പ്രവർത്തനങ്ങളുടെ ബാധ്യതയിൽനിന്ന് ജമാഅത്തെ ഇസ്‌ലാമിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ജനാധിപത്യവ്യവസ്ഥയെ ബാധിക്കുന്നവിധം രാഷ്ട്രീയ ഇടപെടൽ നടത്തുന്ന സം ഘടന എന്ന നിലയിൽ ജമാഅത്തെ ഇസ്‌ലാമിയെ നിശിതമായ വിമർശത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും ലേഖനത്തിൽ എളമരം കരീം നിലപാട് പറയുന്നുണ്ട്.
Content Highlights: Elamaram Kareem strongly Criticise Jamaat E Islami