നിമിഷപ്രിയയുടെ മോചനം: നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം

യെമന്‍ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ

dot image

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് നയതന്ത്ര സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. സുഹൃദ് രാജ്യങ്ങളുടെ ഇടപെടലിന് ശ്രമിക്കുമെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ചര്‍ച്ചകള്‍ക്കുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'ഇതൊരു സെന്‍സിറ്റീവ് വിഷയമാണ്. കേസില്‍ ഇന്ത്യാ ഗവണ്‍മെന്റ് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കാന്‍ ഞങ്ങള്‍ നിയമസഹായം നല്‍കുകയും അഭിഭാഷകനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ കൂടുതല്‍ സമയം തേടുന്നതിനുളള ശ്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. 2025 ജൂലൈ 16-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചു. ഞങ്ങള്‍ വിഷയം സൂഷ്മമായി നിരീക്ഷിക്കുകയും സാധ്യമായ എല്ലാ സഹായവും നല്‍കുകയും ചെയ്യുന്നുണ്ട്. ചില സുഹൃദ് രാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.'- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

യെമന്‍ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോ​ഗിക ചർച്ചകൾക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി​ പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോ​ഗിക ചർച്ചകൾ യെമനിൽ ആരംഭിച്ചത്.

Content Highlights: Nimisha Priya's release: Ministry of External Affairs says diplomatic options will be utilized

dot image
To advertise here,contact us
dot image