മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തിരിച്ചെത്തുമോ?; വ്യക്തമാക്കി കോച്ച്

ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിന് പകരം ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പിങ് ചുമതലകൾ ഏറ്റെടുത്തത്

dot image

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ റിഷഭ് പന്ത് വിക്കറ്റ് കീപ്പിങ് ചെയ്യാനിറങ്ങുമോയെന്ന കാര്യത്തിൽ പ്രതികരിച്ച് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ്. ലോർഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ പന്തിന് കീപ്പിങ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ലോർഡ്സ് ടെസ്റ്റിന്റെ ആദ്യ ദിവസം താരത്തിന്‍റെ ഇടത് ചൂണ്ടുവിരലിന് പരിക്കേറ്റതോടെ മത്സരത്തിന്റെ ബാക്കി ഭാഗങ്ങളിൽ ധ്രുവ് ജുറേലാണ് വിക്കറ്റ് കീപ്പിങ് ചുമതലകൾ ഏറ്റെടുത്തത്.

ഇപ്പോൾ നാലാം ടെസ്റ്റ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് റിഷഭ് പന്തിന്റെ റോളിൽ വ്യക്തത വരുത്തി കോച്ച് റയാൻ ടെൻ ഡോഷേറ്റ് രം​ഗത്തെത്തിയത്. പരിക്ക് ഭേദമായി വരുന്നുണ്ടെങ്കിലും നാലാം ടെസ്റ്റിലും പന്ത് വിക്കറ്റിന് പിന്നിൽ നിൽക്കാൻ സാധ്യതയില്ലെന്നാണ് കോച്ച് പറയുന്നത്. വിരലിന്റെ പരിക്ക് ഇപ്പോഴും നിരീക്ഷിച്ചുവരികയാണെന്നും, അത് കൂടുതൽ വഷളാക്കാൻ ടീം തയ്യാറല്ലെന്നും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചു. അതേസമയം ബാറ്റിങ്ങിൽ പന്ത് ഇറങ്ങുമെന്നും ഡോഷേറ്റ് കൂട്ടിച്ചേർത്തു.

“മാഞ്ചസ്റ്ററിൽ റിഷഭ് പന്ത് ബാറ്റിങ്ങിന് ഇറങ്ങും. എന്തായാലും അദ്ദേഹത്തെ ടെസ്റ്റിൽ നിന്ന് മാറ്റി നിർത്താൻ സാധ്യതയില്ലെന്ന് ഞാൻ കരുതുന്നു. മൂന്നാം ടെസ്റ്റിൽ അദ്ദേഹം വളരെയധികം വേദന സഹിച്ചാണ് ബാറ്റ് ചെയ്തത്. എന്നാൽ അടുത്ത ടെസ്റ്റിൽ പന്ത് വിക്കറ്റ് കീപ്പ് ചെയ്യാനുള്ള സാധ്യത കുറവാണ്. ഇന്നിംഗ്‌സിന്റെ പകുതിയിൽ കീപ്പറെ മാറ്റേണ്ടിവരുന്ന അവസ്ഥയിലേക്ക് ഞങ്ങൾ വീണ്ടും കടക്കാൻ ആഗ്രഹിക്കുന്നില്ല', ബെക്കൻഹാമിൽ ഇന്ത്യയുടെ പരിശീലന സെഷനുശേഷം നടന്ന പത്രസമ്മേളനത്തിൽ ടെൻ ഡോഷേറ്റ് പറഞ്ഞു.

അതേസമയം നാലാം ടെസ്റ്റ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാണ്. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പരയില്‍ സമനില നേടാനാകും. എന്നാല്‍ തോല്‍വിയാണെങ്കില്‍ ഒരു മത്സരം ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. ജൂലൈ 23 നാണ് നാലാം ടെസ്റ്റ് മത്സരം ആരംഭിക്കുക.

Content Highlights: Rishabh Pant May Only Play Half His Role In 4th India vs England Test says India Coach

dot image
To advertise here,contact us
dot image