'കുര്യൻ സാര്‍ പറഞ്ഞത് സദുദ്ദേശ്യത്തോടെ, ആരെയും കുറ്റപ്പെടുത്തിയതല്ല, ഉപദേശമായി കണ്ടാൽ മതി'; രമേശ് ചെന്നിത്തല

'പിജെ കുര്യൻ്റെ വിമർശനങ്ങളെക്കുറിച്ച് പരിശോധിക്കും'

dot image

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ പിന്തുണച്ച് രമേശ് ചെന്നിത്തല. പിജെ കുര്യൻ കോൺഗ്രസിലെ മുതിർന്ന നേതാവാണ്. സദുദ്ദേശത്തോടെയാണ് യൂത്ത് കോൺഗ്രസിനെ പറ്റി പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആരെയും കുറ്റപ്പെടുത്തിയല്ല പിജെ കുര്യൻ പറഞ്ഞത്. പിജെ കുര്യൻ്റെ വിമർശനങ്ങളെക്കുറിച്ച് പരിശോധിക്കും. അതിൽ തെറ്റുണ്ടെങ്കിൽ തിരുത്തും. പി ജെ കുര്യൻ്റേത് സ്നേഹത്തോടെയുള്ള ഉപദേശം മാത്രമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് വിജയ് ഇന്ദുചൂഡനും പി ജെ കുര്യന് പിന്തുണ അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ഒമ്പത് വർഷമായി പ്രതിപക്ഷത്തിരിക്കുന്ന സംഘടനയാണ്. അതിൻ്റേതായ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ട്. തീക്ഷ്ണമായ സമരങ്ങളാണ് യൂത്ത് കോൺഗ്രസ് നടത്തുന്നത്. മനോവീര്യം തകർക്കാനാണ് പിജെ കുര്യൻ അങ്ങനെ പറഞ്ഞതെന്ന് കരുതുന്നില്ല. പിജെ കുര്യന്റേത് ഒരു വിമർശനമായി മാത്രം കാണുന്നു. വാക്കുകളെ പോസിറ്റീവായി എടുക്കുന്നുവെന്നും വിജയ് ഇന്ദുചൂഡൻ പ്രതികരിച്ചു.

കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇതിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കളും പ്രവര്‍ത്തകരും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.

Content Highlights: Ramesh Chennithala Support P J Kurien

dot image
To advertise here,contact us
dot image