
പത്തനംതിട്ട: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ പിന്തുണച്ച് കെപിസിസി മുന്‍ നിര്‍വാഹക സമിതി അംഗം റെജി തോമസ്. പി ജെ കുര്യന്റേത് സദുദ്ദേശപരമായ നിര്‍ദേശമെന്ന് റെജി തോമസ് പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പി ജെ കുര്യന്‍ ഇകഴ്ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ശ്രീ പി ജെ കുര്യന്റെ വീടിന് ഗേറ്റുമില്ല, പൂട്ടുമില്ല, വീട്ടില്‍ പട്ടിയും ഇല്ല', എന്ന തലക്കെട്ടോട് കൂടിയുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിന്തുണ.
'2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ വരുന്നതിന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ ശക്തിപ്പെടണമെന്ന് സദുദ്ദേശപരമായ നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കിയത്. കെപിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് ഈ പ്രസ്താവന അദ്ദേഹം നടത്തിയത്. അല്ലാതെ പിണറായി വിജയന്റെ ദുര്‍ഭരണത്തിനെതിരെ നിരന്തരമായി സംസ്ഥാനതലത്തിലും, ജില്ലാതലങ്ങളിലും സമരങ്ങള്‍ നടത്തി ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പ്രവര്‍ത്തകരെ ഒരു രീതിയിലും അദ്ദേഹം ഇകഴ്ത്തി കാട്ടിയിട്ടില്ല', റെജി തോമസ് പറഞ്ഞു.
എന്നാല്‍ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ച് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് 'ദാനം കൊടുത്തില്ലേലും പട്ടിയെ വിട്ട് കടിപ്പിക്കരുത്' എന്ന് ഫേസ്ബുക്കില്‍ കുറിച്ചതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫസര്‍ പി ജെ കുര്യന്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയും, മന്ത്രിയും ഒക്കെ ആയിരുന്നിട്ട് ഡല്‍ഹിയില്‍ നിന്ന് തിരികെ വന്നതിനുശേഷം തന്നെ ജയിപ്പിച്ചു വിട്ട മണ്ഡലത്തിലെ ജനങ്ങളുടെ ഇടയില്‍ ഗേറ്റും പൂട്ടും വീട്ടില്‍ കാവലിന് പട്ടിയുമില്ലാതെ, തന്റെ പിതാവിന്റെ കാലത്തേയുള്ള പഴയ വീട്ടിലാണ് താമസിക്കുന്നതെന്ന് റെജി തോമസ് കൂട്ടിച്ചേര്‍ത്തു.
'എന്നാല്‍ ചില നേതാക്കന്മാര്‍ വര്‍ഷങ്ങളായി ജനപ്രതിനിധിയായിരുന്ന മണ്ഡലത്തെയും, അവിടുത്തെ ജനങ്ങളെയും ഉപേക്ഷിച്ച് ഗേറ്റും പൂട്ടും പട്ടിയുമുള്ള പട്ടണത്തിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നാട്ടുകാര്‍ക്ക് അറിയാം. ചിലര്‍ ചെയ്യുന്നതുപോലെ പി ജെ കുര്യന് സ്വന്തം നാട് ഉപേക്ഷിച്ച് ഡല്‍ഹിയിലോ തിരുവനന്തപുരത്തോ, എറണാകുളത്തോ സ്ഥിരതാമസം ആക്കാമായിരുന്നു. അത് ചെയ്യാത്തതാണോ അദ്ദേഹം ചെയ്ത കുറ്റം? ജനിച്ചു വളര്‍ന്ന സ്ഥലത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തി നിരവധി പാവപ്പെട്ട ജനങ്ങളെ, താന്‍ ചെയര്‍മാനായ ചാരിറ്റബിള്‍ ട്രസ്റ്റ് വഴി സഹായിക്കുന്നത് നേതാക്കന്മാര്‍ അടക്കം എല്ലാവര്‍ക്കും അറിവുള്ളതാണ്. കണക്കുകള്‍ തീര്‍ക്കുവാന്‍ സത്യം എന്തിന് മറച്ചുവയ്ക്കുന്നു', റെജി പറഞ്ഞു.
കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചത് വലിയ വിവാദമായിരുന്നു. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇതിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു നേതാക്കളും പ്രവര്‍ത്തകരും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.
Content Highlights: Ex KPCC working committee member supports P J Kurien