യൂത്ത് കോൺ​ഗ്രസിനെ വിമ‍ർശിച്ച് എസ്എഫ്ഐയെ പ്രസംശിച്ച് പി ജെ കുര്യൻ; ചെറുപ്പക്കാരുടെ സമരം ഓർമ്മിപ്പിച്ച് രാഹുൽ

പിന്നീട് പ്രസം​ഗിച്ച രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യൻ്റെ വിമർശനത്തിന് വേദിയിൽ തന്നെ മറുപടിയും നൽകിയിരുന്നു

dot image

പത്തനംതിട്ട: കോൺ​ഗ്രസ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമരസം​ഗമം പരിപാടിയിൽ യൂത്ത് കോൺ​ഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പ്രസംശംസിച്ചും ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ജെ കുര്യൻ. ഒരു മണ്ഡലത്തിൽ 25 പേരെയെങ്കിലും കൂടെ കൂട്ടാൻ യൂത്ത് കോൺ​ഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനോടുള്ള പിജെ കുര്യൻ്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്ന് സർവ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യൻ യൂത്ത് കോൺ​ഗ്രസ് നേതാക്കളെ വേദിയിൽ ഓർമ്മിക്കുകയും ചെയ്തു. കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് ജില്ലയിൽ ആദ്യമായി പങ്കെടുത്ത വേദിയിലായിരുന്നു പി ജെ കുര്യൻ്റെ വിമർശനം. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെയും ജില്ലാ യൂത്ത് കോൺ​ഗ്രസ് നേതാക്കളെയും വേദിയിലിരുത്തിയായിരുന്നു വിമർശനം. പിന്നീട് പ്രസം​ഗിച്ച രാഹുൽ മാങ്കൂട്ടത്തിൽ പി ജെ കുര്യൻ്റെ വിമർശനത്തിന് വേദിയിൽ തന്നെ മറുപടിയും നൽകിയിരുന്നു.

യൂത്ത് കോൺഗ്രസിൻ്റെ ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിലൊക്കെ കാണാമെന്നും എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല എന്നായിരുന്നു പി ജെ കുര്യന്റെ ചോദ്യം. യൂത്ത് കോൺഗ്രസിൻ്റെ ചെറുപ്പക്കാർ ചെന്ന് മണ്ഡലങ്ങളിൽ ഒരു ഇരുപത്തിയഞ്ച് ചെറുപ്പക്കാരെ ഉണ്ടാക്കാൻ കഴിയണം എന്നായിരുന്നു പി ജെ കുര്യൻ്റെ പ്രതികരണം. എന്തൊക്കെ എതിർപ്രചാരണം ഉണ്ടെങ്കിലും മാർക്‌സിസ്റ്റ് പാർട്ടിയുടെ സംഘടന എത്രമാത്രം ശക്തമാണ് എന്ന് ചൂണ്ടിക്കാണിച്ച പിജെ കുര്യൻ എസ്എഫ്‌ഐയുടെ സമരം നിങ്ങൾ കണ്ടില്ലെയെന്നും ചോദിച്ചു. ക്ഷുഭിതയൗവ്വനങ്ങളെ അവർ അവരുടെ കൂടെ നിർത്തുന്നു. നമുക്ക് അഗ്രസീവ് ഒന്നും വേണ്ട ഒരു മണ്ഡലത്തിൽ ഇരുപത്തിയഞ്ച് പേരെ കൊണ്ടുവരണം എന്നുമായിരുന്നു പി ജെ കുര്യൻ പ്രസം​ഗമധ്യേ ചൂണ്ടിക്കാണിച്ചത്.

പത്തനംതിട്ട ജില്ലയിൽ അടക്കം യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വീണാ ജോർജിനെതിരെ നടത്തുന്ന സമരങ്ങളും അതിൻ്റെ പേരിൽ നേരിടേണ്ടി വരുന്ന കേസുകളും ചൂണ്ടിക്കാണിച്ചായിരുന്നു പിജെ കുര്യനുള്ള രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മറുപടി. കുര്യൻ സാർ സംസാരമധ്യേ യൂത്ത്‌കോൺഗ്രസിന്റെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു എന്ന് സൂചിപ്പിച്ചായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. 'മുതിർന്ന നേതാവെന്ന നിലയിൽ പിജെ കുര്യൻ പറഞ്ഞതിനെ ശിരസ്സാവഹിക്കുന്നു. ചെറുപ്പക്കാരില്ലായെന്ന് അദ്ദേഹം പറയുമ്പോൾ തന്നെ ആലപ്പുഴ ജില്ലയിലെ യൂത്ത് കോൺഗ്രസിന്റെ സഹപ്രവർത്തകർ പൊലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങുന്നു എന്ന വാർത്ത അവിടെ നിന്ന് ആളുകൾ വിളിച്ച് പറയുന്നുണ്ട്. കുടുംബ സംഗമങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം ഒന്ന് കുറഞ്ഞെന്ന് വരും. ആ കുറയുന്ന ഒരെണ്ണവും തെരുവിൽ കുറയാതെ നോക്കുന്ന ബാധ്യത കൃത്യമായി ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടത്തുന്നുണ്ട്. മന്ത്രി വീണാ ജോർജിനെതിരായി ഒരാഴ്ചയിലേറെയായി നീണ്ടുനിൽക്കുന്ന സമരങ്ങളുടെ പരമ്പരയുണ്ടായി. സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ തനിക്കെതിരെ മാത്രം ഈ വിഷയത്തിൽ നാലിലേറെ കേസുകൾ ഉണ്ടെ'ന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ നിൽക്കുമ്പോൾ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒൻപത് വർഷമായി ഇടതുമുന്നണി സർക്കാരിനെതിരെ ശക്തമായ സമരം ചെയ്യുന്നത് യൂത്ത് കോൺ​ഗ്രസാണെന്ന പരോക്ഷ നിലപാടും രാഹുൽ പ്രസം​ഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് വർഷമായി സർക്കാരിന്റെ ക്രൂരചെയ്തികൾ അനുഭവിക്കുന്നത് ചെറുപ്പക്കാരായതിനാൽ അതിൻ്റെ രാഷ്ട്രീയ ബോധ്യം പൂർണ്ണമായി തങ്ങൾക്കുണ്ടെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കാളെ വേദിയിലിരുത്തി ചൂണ്ടിക്കാണിച്ചത്. കോൺ​ഗ്രസിലെ നടക്കുന്ന രാഷ്ട്രീയ മാറ്റത്തെക്കുറിച്ചും രാഹുൽ പറയാതെ പറഞ്ഞു. യുവനേതൃത്വത്തെ ഉൾക്കൊള്ളുന്ന മുതിർന്ന നേതൃത്വം ജില്ലയിലും സംസ്ഥാനത്തുമെല്ലാം രൂപപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നായിരുന്നു രാഹുലിൻ്റെ പ്രതികരണം. നാട് ആഗ്രഹിക്കുന്ന സർക്കാരിനെ മടക്കിക്കൊണ്ടുവരാനുള്ള പ്രവർത്തനം യൂത്ത് കോൺഗ്രസിൽ നിന്നും ഉണ്ടാകുമെന്നും അതിന് ഒരുപാലമായി ഒരുമിച്ച് നിന്ന് പ്രവർത്തിക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Content Highlights: PJ Kurien criticizes Youth Congress and praises SFI Rahul reminds of youth's struggle

dot image
To advertise here,contact us
dot image